ക്രിസ്റ്റ്യാനോയെ മറികടന്ന് ലയണൽ മെസ്സി കുതിക്കുന്നു.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. രണ്ടിനെതിരെ 7 ഗോളുകൾക്കാണ് പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഈ വിജയം പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്.

ഒരിക്കൽക്കൂടി ലയണൽ മെസ്സി തന്റെ മാന്ത്രിക പ്രകടനം പുറത്തെടുത്ത മത്സരം കൂടിയായിരുന്നു ഇന്നലെത്തേത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി നാല് ഗോളുകളിലാണ് ലയണൽ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ഇതിന് സമാനമായ പ്രകടനം കാഴ്ചവെച്ച കിലിയൻ എംബപ്പേയും മത്സരത്തിൽ തിളങ്ങി നിന്നു.

19ആം മിനുട്ടിൽ ലയണൽ മെസ്സിയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. അസിസ്റ്റ് നൽകിയത് എംബപ്പേയായിരുന്നു.35ആം മിനുട്ടിൽ നെയ്മർ ജൂനിയർ ഒരു ഗോൾ കണ്ടെത്തിയപ്പോൾ ലയണൽ മെസ്സിയായിരുന്നു അസിസ്റ്റ് നൽകിയത്. വൈകാതെ 44ആം മിനുട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് തന്നെ മെസ്സി രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ അവസാനത്തിൽ സോളർ പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ അവിടെയും അസിസ്റ്റ് നൽകാൻ മെസ്സി ഉണ്ടായിരുന്നു. അങ്ങനെ മത്സരത്തിൽ നിറഞ്ഞു കളിക്കുന്ന ഒരു മെസ്സിയെയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.

ഈ മത്സരത്തിൽ മെസ്സി നേടിയ തന്റെ രണ്ടാമത്തെ ഗോൾ ബോക്സിന് വെളിയിൽ നിന്നായിരുന്നു നേടിയിരുന്നത്. ബോക്സിന് പുറത്തുനിന്നും ഗോളുകൾ നേടുന്നത് ഇപ്പോൾ മെസ്സി ഒരു ശീലമാക്കിയിരിക്കുകയാണ്. മാത്രമല്ല മറ്റൊരു നേട്ടം കൂടി ഇപ്പോൾ മെസ്സി ഈ കാര്യത്തിൽ കരസ്ഥമാക്കിയിട്ടുണ്ട്. അതായത് ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറിയത് മുതൽ, അഥവാ 2004 -05 മുതൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ബോക്സിന് വെളിയിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ലയണൽ മെസ്സിയുടെ പേരിൽ തന്നെയാണ്.

23 ഗോളുകളാണ് മെസ്സി ഈ കാലയളവിൽ ബോക്സിന് പുറത്ത് നിന്നും നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ഇപ്പോൾ മെസ്സി ഈ കാര്യത്തിൽ മറികടന്നിട്ടുള്ളത്.റൊണാൾഡോയേക്കാൾ ഒരു ഗോൾ അധികമാണ് മെസ്സി നേടിയിട്ടുള്ളത്. ഏതായാലും പിഎസ്ജി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇനിയും ഇത്തരത്തിലുള്ള കൂടുതൽ ഗോളുകൾ നമുക്ക് പ്രതീക്ഷിക്കാം.

Rate this post