ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ നിന്നും മെസിയെ ബുദ്ധിപരമായി ഒഴിവാക്കി ബെൻസിമ
ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഡ്രിബ്ലറെ തിരഞ്ഞെടുത്ത് റയൽ മാഡ്രിഡ് താരം ബെൻസിമ. പലരും മെസിയെ ഇക്കാര്യത്തിൽ ഏറ്റവും മികച്ചതായി പറയുന്നുണ്ടെങ്കിലും ബെൻസിമയുടെ അഭിപ്രായം ബ്രസീലിയൻ താരം നെയ്മറാണ് ഡ്രിബ്ലിങ്ങ് മികവിൽ മുന്നിൽ നിൽക്കുന്നതെന്നാണ്. യുട്യൂബ് ചാനലിലെ ഇന്റർവ്യൂവിൽ ആരാധകരോടു സംസാരിക്കുമ്പോഴാണ് ബെൻസിമ ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം മെസിയെ ഈ പട്ടികയിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിട്ടും ബെൻസിമ അദ്ദേഹത്തെ ഒഴിവാക്കിയെന്നു തന്നെ വേണം കരുതാൻ. ഏറ്റവും മികച്ച അഞ്ചു ഡ്രിബ്ലർമാരെ തിരഞ്ഞെടുക്കാൻ താരത്തോട് ആവശ്യപ്പെട്ടപ്പോൾ നെയ്മറുടെ പേരു മാത്രം പറഞ്ഞ് ബെൻസിമ ആ ചോദ്യം ഒഴിവാക്കുകയായിരുന്നു.
Karim Benzema: "Neymar is the best dribbler in the world"
— SoccerBaeNaza (@SoccerBaeNaza1) July 29, 2020
Agreed??? pic.twitter.com/ob4nAQgmVj
ബാലൺ ഡി ഓറിനെക്കുറിച്ച് താൻ എപ്പോഴും ചിന്തിക്കാറുണ്ടെന്നും ബെൻസിമ പറഞ്ഞു. ചെറുപ്പം മുതലേ ആ മോഹം ഉണ്ടായിരുന്നുവെങ്കിലും അതൊരു അത്യാവശ്യമായി തോന്നിയിട്ടില്ലെന്നും മികച്ച പ്രകടനം നടത്തുമ്പോഴും ടീം കിരീടങ്ങൾ നേടുമ്പോഴും അത്തരം തോന്നലുകൾ ഉണ്ടാകുമെന്നും ബെൻസിമ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച നമ്പർ 9 താരമായി താൻ സ്വയം കണക്കാക്കിയിട്ടില്ലെന്നും ഏതു പൊസിഷനിലും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും ബെൻസിമ പറഞ്ഞു. മൊറീന്യോ, ആൻസലോട്ടി, ഗുറിൻ, സിദാൻ എന്നിവരാണ് താൻ കണ്ടതിൽ മികച്ച പരിശീലകരെന്നും അദ്ദേഹം വ്യക്തമാക്കി.