ലോകകപ്പ് നേടിയിട്ടും അർജന്റീന ബ്രസീലിനു പിന്നിൽ, ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തന്നെ ഒന്നാമത് |Brazil

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടാൻ അർജന്റീനക്ക് കഴിഞ്ഞെങ്കിലും ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരും. വ്യാഴാഴ്‌ച മാറ്റം വരാനിരിക്കുന്ന പുതിയ ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തുമെന്ന് ഇഎസ്‌പിഎന്നിന്റെ റാങ്കിങ് ട്രാക്കിങ് വെബ്‌സൈറ്റാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഫൈനലിസ്റ്റുകളായ അർജന്റീനയും ഫ്രാൻസും ഓരോ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെത്തും. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം നാലാം സ്ഥാനത്തേക്ക് വീഴുകയും ചെയ്യും.

ലോകകപ്പിൽ ബ്രസീൽ മൂന്നു വിജയങ്ങൾ നേടിയപ്പോൾ കാമറൂണിനോടും ക്രൊയേഷ്യയോടും തോൽവി വഴങ്ങി. ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയാണ് അവർ ക്വാർട്ടർ ഫൈനലിൽ പുറത്തു പോകുന്നത്. അതേസമയം അർജന്റീന ആറു മത്സരങ്ങൾ വിജയിച്ചപ്പോൾ സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി വഴങ്ങി. അർജന്റീനയുടെ ക്വാർട്ടർ ഫൈനലിലെയും ഫൈനലിലെയും വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ ആയതു കൊണ്ടാണ് ബ്രസീലിനെ മറികടക്കാൻ കഴിയാതിരുന്നത്.

ഫൈനലിൽ അർജന്റീനയോ ഫ്രാൻസോ 120 മിനുട്ടിന്റെ ഉള്ളിൽ വിജയിച്ചിരുന്നെങ്കിൽ അവർ ബ്രസീലിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു. റെഗുലേഷൻ ടൈം വിജയത്തെ അപേക്ഷിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചാൽ കുറഞ്ഞ പോയിന്റ് മാത്രമാണ് ലഭിക്കുക. ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ബെൽജിയം എന്നീ ടീമുകൾ ഒന്ന് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്താണ്. ഹോളണ്ട് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തും നിൽക്കുമ്പോൾ ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നിവർ എട്ടു മുതൽ പത്ത് വരെ സ്ഥാനത്ത് നിൽക്കുന്നു.

ടോപ് ടെൻ ടീമുകളിൽ ഏറ്റവും മുന്നേറ്റം സൃഷ്‌ടിച്ച ടീം സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ്. പന്ത്രണ്ടാം സ്ഥാനത്തു നിന്നും മോഡ്രിച്ചും സംഘവും ഏഴാം സ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും പ്രീ ക്വാർട്ടറിൽ അർജന്റീനയോട് തോറ്റു പുറത്തായ ഓസ്‌ട്രേലിയയും റാങ്കിങ്ങിൽ പതിനൊന്നു സ്ഥാനങ്ങൾ മുന്നേറി. മൊറോക്കോ നിലവിൽ പതിനൊന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ ഇരുപത്തിയേഴാം സ്ഥാനത്തുമാണ്. കാനഡയും ഖത്തറുമാണ് റാങ്കിങ്ങിൽ വലിയ തിരിച്ചടി നേരിട്ടത്. പന്ത്രണ്ടു സ്ഥാനങ്ങൾ നഷ്‌ടമായ ഈ ടീമുകൾ യഥാക്രമം 53, 62 സ്ഥാനങ്ങളിലാണ്.

Rate this post