മുംബൈയെ നേരിടാൻ മൂന്നു മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ് സിയെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം.12 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുകള്‍ സ്വന്തമാക്കിയ മുംബൈ ഒന്‍പത് ജയവും മൂന്ന് സമനലിയുമാണ് ഇതുവരെ നേടിയത്. ഈ സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഏക ടീമും മുംബൈ തന്നെയാണ് .

എട്ട് മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. ദിമിത്രിയോസ് ഡയമന്റക്കോസ്, സഹല്‍ അബ്ദുള്‍ സമദ്, ഇവാന്‍ കാലിയുസ്നി ത്രയമാണ് ഗോളടിയില്‍ കേമന്മാര്‍. മൂവരും ചേര്‍ന്ന് 13 തവണ സീസണില്‍ വല കുലുക്കിയിട്ടുണ്ട്.പക്ഷെ മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന മജീഷ്യന്‍ അഡ്രിയാന്‍ ലൂണയാണ് മഞ്ഞപ്പടയുടെ പ്രധാന ആയുധം.

മുംബൈയെ നേരിടാനൊരുങ്ങുന്ന ടീമിൽ മൂന്നു നിർണായക മാറ്റങ്ങലുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.സസ്പെൻഷൻ കാരണം കഴിഞ്ഞ മത്സരം നഷ്ടമായ ഇവാൻ കാലിയൂഷ്നി ആദ്യ ഇലവനിൽ തിരിച്ചെത്തി. ഇതോടെ അപ്പോസ്തോലോസ് ജിയാന്നും പകരക്കാരുടെ നിരയിലേക്ക് മാറി. സസ്പെൻഷനിലായ റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിന് പകരം സീനിയർ താരം ഹർമൻജ്യോത് ഖബ്ര ആദ്യ ഇലവനിൽ ഇടം നേടി. ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും ഇന്ന് കളിക്കുന്നില്ല. ലെസ്കോയ്ക്ക് പകരം വിക്ടർ മോം​ഗിൽ ആദ്യ ഇലവനിൽ ഇടം പിടിച്ചു.

ബ്ലാസ്റ്റേഴ്സ് ടീം- പ്രഭ്സുഖാൻ ​ഗിൽ, ഹർമൻജ്യോത് ഖബ്ര, വിക്ടർ മോം​ഗിൽ, റൂയിവ ഹോർമിപാം, ജെസ്സൽ കാർനെയ്റോ, ഇവാൻ കാലിയൂഷ്നി, ജീക്സൻ സിങ്, സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ​ദിയാമെന്റാക്കോസ്.