പിഎസ്ജിയിലെ മെസ്സിയല്ലല്ലോ അർജന്റീനയിലെ മെസ്സി, നന്നായി വിയർക്കും : മെസ്സി വട്ടം കറക്കിയ ഗ്വാർഡിയോൾ പറയുന്നു

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്തുവിട്ടു കൊണ്ടായിരുന്നു അർജന്റീന ഫൈനൽ പ്രവേശനം സാധ്യമാക്കിയിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ആ മത്സരത്തിൽ വിജയം സ്വന്തമാക്കിയിരുന്നത്.ജൂലിയൻ ആൽവരസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സിയുടെ വകയായിരുന്നു ഒരു ഗോൾ.

ആ മത്സരം വരെ മിന്നും പ്രകടനം പുറത്തെടുത്തിരുന്ന ക്രൊയേഷ്യയുടെ യുവ ഡിഫൻഡറായ ഗ്വാർഡിയോളിന് ആ മത്സരത്തിൽ സാക്ഷാൽ ലയണൽ മെസ്സിക്ക് മുന്നിൽ അടി തെറ്റുകയായിരുന്നു. മത്സരത്തിൽ അർജന്റീന നേടിയ മൂന്നാം ഗോളിന് അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു.ഗ്വാർഡിയോളിനെ വട്ടം കറക്കി തീർത്തും നിഷ്പ്രഭനാക്കി കൊണ്ടായിരുന്നു മെസ്സി അസിസ്റ്റ് നൽകിയിരുന്നത്. ലയണൽ മെസ്സിയുടെ ടാലന്റ് എങ്ങോട്ടും പോയിട്ടില്ല എന്ന് വിളിച്ചോതുന്ന ഒരു അസിസ്റ്റ് ആയിരുന്നു അത്.

ഇപ്പോൾ ലയണൽ മെസ്സിയെക്കുറിച്ച് ഒരിക്കൽ കൂടി ഗ്വാർഡിയോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.അതായത് പിഎസ്ജിയിലെ മെസ്സിയല്ല അർജന്റീനയിലെ മെസ്സിയെന്നും അർജന്റീനയിലെ മെസ്സിയെ നേരിടാൻ നന്നായി ബുദ്ധിമുട്ടുമെന്നുമാണ് ഈ ക്രൊയേഷ്യൻ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

‘ ലയണൽ മെസ്സിയെ പാരീസിൽ നേരിടുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും അർജന്റീനയുടെ ജേഴ്സിയിൽ അദ്ദേഹത്തെ നേരിടുന്നത്. അതാണ് ഞങ്ങൾക്കെതിരെയുള്ള ആ മത്സരത്തിൽ സംഭവിച്ചത്. ക്ലബ്ബിലും ദേശീയ ടീമിലും തീർത്തും വ്യത്യസ്തമായ രീതിയിലാണ് മെസ്സി കളിക്കുക.ദേശീയ ടീമിന്റെ ജേഴ്സി അണിയുമ്പോൾ മെസ്സി കൂടുതൽ മോട്ടിവേറ്റഡ് ആണ്. മാത്രമല്ല ഈ വേൾഡ് കപ്പ് അദ്ദേഹത്തിന്റെ അവസാനത്തെ അവസരമായിരുന്നു. ഞാൻ നേരിട്ടതിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. അദ്ദേഹത്തെ തടയണമെങ്കിൽ ടാക്കിൾ ചെയ്യുകയോ ഫൗൾ വഴങ്ങുകയോ ചെയ്യേണ്ടി വരും ‘ ഗ്വാർഡിയോൾ പറഞ്ഞു.

അർജന്റീനക്കെതിരെയുള്ള ആ മത്സരത്തിനുശേഷം ഗ്വാർഡിയോൾ എപ്പോഴും ലയണൽ മെസ്സിയെ കുറിച്ച് വളരെ ബഹുമാനത്തോടുകൂടി മാത്രമാണ് സംസാരിച്ചിട്ടുള്ളത്. താൻ കുട്ടിക്കാലം തൊട്ടേ ലയണൽ മെസ്സിയുടെ ഒരു കടുത്ത ആരാധകനായിരുന്നു എന്നുള്ളത് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെ താൻ കളിച്ചിട്ടുണ്ട് എന്നുള്ളത് തന്റെ കുട്ടികളോട് ഭാവിയിൽ പറയുമെന്നും ഈ ക്രൊയേഷ്യൻ പ്രതിരോധനിരതാരം കൂട്ടിച്ചേർത്തിരുന്നു.

Rate this post