കരിം ബെൻസീമക്ക് പകരക്കാരനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും സൂപ്പർ സ്ട്രൈക്കറെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്|Karim Benzema
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലീഗിലും ചാമ്പ്യൻസ് ലീഗിലും വിജയികളാക്കാൻ നിർണായക പങ്കു വഹിച്ച താരമാണെങ്കിലും ഈ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ കരിം ബെൻസിമക്ക് കഴിഞ്ഞിട്ടില്ല. പരിക്കുകളും താരത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഖത്തർ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും പരിക്ക് കാരണം ഒരു മത്സരം പോലും കളിക്കാനാവാതെ മടങ്ങേണ്ടി വന്ന താരത്തിന് പിന്നീട് അവസരം ലഭിക്കുകയും ചെയ്തില്ല.
റയൽ മാഡ്രിഡിനെ സംബന്ധിച്ച് കരിം ബെൻസിമയുടെ ഫോം മങ്ങുന്നതും പരിക്കിന്റെ ബുദ്ധിമുട്ടുകൾ അലട്ടുന്നതും വലിയ തിരിച്ചടി തന്നെയാണ്. താരത്തെ ടീം വളരെയധികം ആശ്രയിക്കുന്നുണ്ടെന്നതാണ് അതിനു കാരണം. ബെൻസിമക്ക് പകരക്കാരനാവാൻ കഴിയുന്ന മറ്റൊരു താരം ടീമിലില്ലെന്നതും റയൽ മാഡ്രിഡിന് പ്രതിസന്ധിയാണ്. അതുകൊണ്ടു തന്നെ മറ്റൊരു സ്ട്രൈക്കറെ സ്വന്തമാക്കുന്നതിനെ കുറിച്ച് റയൽ മാഡ്രിഡ് ചിന്തിച്ചു തുടങ്ങുന്നു.
സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ടോട്ടനം ഹോസ്പറിന്റെ ഇംഗ്ലീഷ് താരമായ ഹാരി കേനിനെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡിന് താൽപര്യം. ഏതാനും വർഷങ്ങളായി ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കേൻ. റയൽ മാഡ്രിഡ് നേതൃത്വത്തിന് താരത്തെ വളരെ ഇഷ്ടവുമാണ്. 2004 മുതൽ ടോട്ടനത്തിനൊപ്പമുള്ള കേനിന് ഇതുവരെയും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. താരത്തിന്റെ നിലവാരം വെച്ച് എപ്പോഴോ ക്ലബ് വിടണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.
മുപ്പതുകാരനായ ഹാരി കേനിനെ ടീമിലെത്തിക്കാൻ താരത്തിന്റെ പ്രതിനിധികളെ റയൽ മാഡ്രിഡ് നേതൃത്വം കണ്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടോട്ടനവുമായി ഇനി ഒരു വർഷത്തെ കരാർ കൂടിയേ ഹാരി കേനിനു ബാക്കിയുള്ളൂ. അത് പുതുക്കാൻ താരം തയ്യാറായില്ലെങ്കിൽ അടുത്ത സമ്മറിൽ കേനിനെ വിൽക്കാൻ ടോട്ടനം നിർബന്ധിതരാകും. ആ അവസരം മുതലെടുക്കാമെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്.
🚨 Real Madrid are interested in signing Harry Kane in the summer, when his contract only has one year remaining.
— Transfer News Live (@DeadlineDayLive) January 10, 2023
(Source: Todo Fichajes) pic.twitter.com/VKJn2SIDKb
എന്നാൽ കേനിനെ സ്വന്തമാക്കൽ റയൽ മാഡ്രിഡിനെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബുകൾക്കെല്ലാം താരത്തിൽ താൽപര്യമുണ്ട്. ഇതിനു പുറമെ നൂറു മില്യൺ യൂറോയോളം കേനിനായി ടോട്ടനം ആവശ്യപ്പെടുകയും ചെയ്യും.എന്നാൽ റയൽ മാഡ്രിഡ് വിളിച്ചാൽ കേൻ അവരെത്തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.