ബ്രസീലിനെ പരിശീലിപ്പിക്കാൻ മുൻ സ്പാനിഷ് മാനേജർ ലൂയിസ് എൻറിക്കെത്തുമോ ? |Brazil
പ്രഗത്ഭരായ കളിക്കാർക്ക് കുറവില്ലെങ്കിലും, 2002-ന് ശേഷം ബ്രസീലിന് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. 20 വർഷമായി ഒരു ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ബ്രസീൽ ആരാധകർ.ചിരവൈരികളായ അർജന്റീന 2022 ഫിഫ ലോകകപ്പും 2021 കോപ്പ അമേരിക്കയും നേടിയതിന് ശേഷം ബ്രസീലിന് മേലുള്ള സമ്മർദ്ദം വർദ്ധിച്ചു.
അടുത്ത ലോകകപ്പിൽ കിരീടമെന്ന ലക്ഷ്യത്തിലെത്താൻ, ഇപ്പോൾ പ്രവർത്തിച്ചാൽ മാത്രമേ അത് നേടാനാകൂ എന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ തിരിച്ചറിഞ്ഞു.പരമ്പരാഗത രീതികൾ തകർത്ത് അടുത്ത ലോകകപ്പിന് തയ്യാറെടുക്കുകയാണ് ബ്രസീൽ. ഇതിനായി, അവർ ആദ്യം ചെയ്യുന്നത് ബ്രസീലിൽ നിന്നുള്ള പരിശീലകരെ ദേശീയ ടീമിന്റെ മാനേജർമാരായി സ്ഥിരമായി നിയമിക്കുന്ന രീതി മാറ്റുക എന്നതാണ്. അതിനാൽ സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ ഒഴിവിലേക്ക് യൂറോപ്പിലെ മികച്ച മാനേജർമാരെ കൊണ്ടുവരാനുള്ള പദ്ധതികൾ അവർ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും നിരവധി ആളുകളെ ബന്ധപ്പെട്ടു. നിലവിൽ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ റഡാറിലുള്ള പുതിയ പരിശീലകൻ മുൻ ബാഴ്സലോണയും സ്പെയിൻ മാനേജരുമായ ലൂയിസ് എൻറിക്വെയാണ്.ബാഴ്‌സലോണയ്‌ക്കൊപ്പം ഒരു സീസണിൽ ആറ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി മികച്ച നേട്ടങ്ങൾ കൈവരിച്ച പരിശീലകനാണ് ലൂയിസ് എൻറിക്. സ്പെയിൻ ദേശീയ ടീമിലും അദ്ദേഹം മാറ്റങ്ങൾ വരുത്തി, എന്നാൽ 2022 ലോകകപ്പ് പ്രീക്വാർട്ടറിൽ നിന്ന് പുറത്തായതിന് ശേഷം എൻറിക്വെ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞു.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് കുറച്ച് ദിവസത്തെ അവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തി.പുതിയ പരിശീലകനെ കണ്ടെത്തുക എന്നതാണ് എഡ്‌ണാൾഡോ റോഡ്രിഗസിന്റെ മുന്നിലുള്ള ആദ്യ ദൗത്യം. പെപ് ഗ്വാർഡിയോള, കാർലോ ആൻസലോട്ടി, ജോസ് മൗറീഞ്ഞോ, സിനദീൻ സിദാൻ എന്നിവരെ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇതിനകം സമീപിച്ചെങ്കിലും അവരാരും സമ്മതിച്ചില്ല.ഇതേതുടര് ന്ന് അവരുടെ ശ്രദ്ധ ഇപ്പോള് ലൂയിസ് എന്റിക്വിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
FAVORITO? 🤨 Luis Enrique entrou para a lista de nomes possíveis para o comando da Seleção Brasileira. O treinador seria um dos favoritos de Ednaldo Rodrigues, presidente da CBF. Gosta do nome?
— TNT Sports BR (@TNTSportsBR) January 12, 2023
Crédito: Diario Sport pic.twitter.com/Dcug4m76iZ
നിലവിൽ ഫ്രീ ഏജന്റായ ലൂയിസ് എൻറിക്വയ്ക്ക് ക്ലബ് ഫുട്ബോളിൽ തുടരാൻ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡീഗോ സിമിയോണി സ്ഥാനമൊഴിഞ്ഞാൽ അത്‌ലറ്റിക്കോ മാഡ്രിഡ് ലൂയിസ് എൻറിക്വയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ബ്രസീൽ പോലൊരു ടീമിന്റെ ക്ഷണം ലൂയിസ് എൻറിക്വെ നിരസിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ മികച്ച കളിക്കാരുമായി ടീമിനെ മെച്ചപ്പെടുത്താനും അദ്ദേഹത്തിന് കഴിയും.