5 വർഷങ്ങൾക്കു മുന്നേ ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിച്ചു, ഇന്ന് വേൾഡ് ചാമ്പ്യൻ : അർജന്റൈൻ സൂപ്പർ താരം പറയുന്നു
ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ഡിഫൻഡർ ആയ ക്രിസ്റ്റൻ റൊമേറോ. പരിക്കിന്റെ പ്രശ്നങ്ങളോടുകൂടിയായിരുന്നു താരം വേൾഡ് കപ്പിന് എത്തിയിരുന്നത്. ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ പലർക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ പിന്നീട് മികച്ച പ്രകടനം നടത്തിക്കൊണ്ട് ഏവരുടെയും കയ്യടി സമ്പാദിക്കാൻ ഈ റൊമേറോക്ക് സാധിച്ചിട്ടുണ്ട്.
2021 മുതൽ മാത്രമാണ് റൊമേറോ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചു തുടങ്ങിയത്. പക്ഷേ ഇപ്പോൾ ടീമിലെ സ്ഥിര സാന്നിധ്യമാണ്.നിക്കോളാസ് ഓട്ടമെന്റിക്കൊപ്പം കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീനയുടെ പ്രതിരോധനിര ഭദ്രമായി കാത്തുസൂക്ഷിക്കാൻ ഈ ഡിഫൻഡർക്ക് സാധിച്ചിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് വേണ്ടിയാണ് ഈ അർജന്റീന സൂപ്പർതാരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ ചില കാര്യങ്ങൾ ഇപ്പോൾ റൊമേറോ തുറന്ന് പറഞ്ഞിട്ടുണ്ട്.അതായത് 5 വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ഉപേക്ഷിക്കാൻ താൻ ആലോചിച്ചിരുന്നു എന്നാണ് ഇപ്പോൾ റോമേറോ വെളിപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ഇപ്പോൾ തനിക്ക് ലോക ചാമ്പ്യന്മാരാവാൻ സാധിച്ചുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. 5 വർഷങ്ങൾക്ക് മുന്നേ ബെൽഗ്രാനോയുടെ താരമായിരുന്നു ഇദ്ദേഹം. സീനിയർ കരിയറിന്റെ തുടക്കത്തിലായിരുന്നു അദ്ദേഹം ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിച്ചിരുന്നത്.
‘ 5 വർഷങ്ങൾക്കു മുന്നേ ഫുട്ബോൾ ഉപേക്ഷിക്കാൻ ഞാൻ ആലോചിച്ചിരുന്നു. ഇപ്പോഴിതാ 5 വർഷങ്ങൾ പിന്നിട്ടപ്പോൾ ഞാൻ ഉള്ളത് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ആയ പ്രീമിയർ ലീഗിലാണ്. മാത്രമല്ല എന്റെ രാജ്യമായ അർജന്റീനക്ക് വേണ്ടി ഞാൻ സ്റ്റാർട്ടർ ആയി. കൂടാതെ വേൾഡ് കപ്പ് കിരീടവും നേടി.എന്റെ അധ്വാനത്തിനും ത്യാഗത്തിനും ഞാൻ അർഹിച്ച പ്രതിഫലം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത് ‘ റൊമേറോ പറഞ്ഞു.
Cuti Romero: “5 years ago I was thinking of leaving football and 5 years later i’m playing in the Premier League, the best league in the world, I’m starter for my country and I won the World Cup. When you look at it… every effort and sacrifice what I did, was worth it.” 🗣️🇦🇷 pic.twitter.com/eIMkhPfXq6
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 13, 2023
അറ്റലാന്റയിൽ കളിക്കുന്ന സമയത്താണ് റൊമേറോയുടെ യഥാർത്ഥ മികവ് ഫുട്ബോൾ ലോകത്തിനു മുന്നിൽ വെളിപ്പെടുന്നത്.സിരി എയിലെ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം അന്ന് കരസ്ഥമാക്കാൻ ഈ അർജന്റീന താരത്തിന് കഴിഞ്ഞിരുന്നു.ഇതിനെ തുടർന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തിയത്.