ബാഴ്‌സലോണ താരത്തിന് അർജന്റീന പാസ്‍പോർട്ട് നൽകാനുള്ള ആഗ്രഹം വെളിപ്പെടുത്തി സ്‌കലോണി

ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ലയണൽ സ്‌കലോണി കളിക്കാരനെന്ന നിലയിൽ കരിയറിന്റെ ഭൂരിഭാഗം സമയവും സ്പെയിനിലാണ് ചിലവഴിച്ചത്. എട്ടു വർഷത്തോളം സ്‌പാനിഷ്‌ ക്ലബായ ഡീപോർറ്റീവോ ലാ കോരുണയിൽ കളിച്ച അദ്ദേഹം അതിനു പുറമെ റേസിംഗ് സാന്റാൻഡർ, മയോർക്ക എന്നീ ക്ലബുകൾക്ക് വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്. ഇതിനു പുറമെ സെവിയ്യയുടെ സഹപരിശീലകനായും സ്‌കലോണി സ്‌പെയിനിൽ ഉണ്ടായിരുന്നു.

സ്പെയിനുമായി അടുത്ത ബന്ധമുള്ള സ്‌കലോണിക്ക് ലോകകപ്പ് നേടിയതിനു ശേഷം മയോർക്ക ചെറിയൊരു സ്വീകരണവും നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്‌പാനിഷ്‌ മാധ്യമവുമായി സംസാരിക്കുമ്പോൾ സ്‌കലോണി സ്പെയിൻ മധ്യനിരയിലെ യുവവിസ്‌മയങ്ങളായ പെഡ്രി, ഗാവി എന്നിവയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഇവരിൽ ഒരാളെ അർജന്റീന ടീമിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ അതാരായിരിക്കുമെന്ന ചോദ്യത്തിനും സ്‌കലോണി മറുപടി നൽകി.

ലാസ് പാൽമാസിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയ പെഡ്രിക്ക് അർജന്റീന പാസ്പോർട്ട് നൽകുമെന്നാണ് ചോദ്യത്തിന് മറുപടിയായി സ്‌കലോണി പറഞ്ഞത്. അതേസമയം തന്റെ അർജന്റീന ടീമിൽ പെഡ്രി ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപതാം വയസിൽ തന്നെ ലോകത്തിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി മാറിയ പെഡ്രിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു.

ഇരുപതു വയസുള്ള പെഡ്രിയും പതിനെട്ടു വയസുള്ള ഗാവിയുമാണ് ബാഴ്‌സലോണയുടെ മധ്യനിരയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. റയൽ മാഡ്രിഡിനെതിരെ നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ രണ്ടു താരങ്ങളും ഗോൾ നേടി ടീമിന്റെ കിരീടനേട്ടത്തിൽ പങ്കു വഹിച്ചിരുന്നു. ബാഴ്‌സലോണയുടെ മധ്യനിരയുടെ ഭാവി ഒരുപാട് കാലം ഭദ്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഈ രണ്ടു താരങ്ങളും നടത്തുന്നത്.

Rate this post