വേൾഡ് കപ്പ് വിന്നറായ അർജന്റൈൻ സൂപ്പർതാരത്തെ ബാഴ്സക്കും അത്ലറ്റിക്കോക്കും വേണം!

എഫ്സി ബാഴ്സലോണയുടെ നായകനായ സെർജിയോ ബുസ്ക്കെറ്റ്സിന്റെ ക്ലബ്ബ്മായുള്ള കോൺട്രാക്ട് ഈ സീസണിന്റെ അവസാനത്തിൽ പൂർത്തിയാവും.ഈ കരാർ ബാഴ്സ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം ബാഴ്സ വിട്ടേക്കും. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.

ബുസ്ക്കെറ്റ്സ് ഒഴിച്ചിടുന്ന ഡിഫൻസിവ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് ഒരു മികച്ച താരത്തെ ഇപ്പോൾ ബാഴ്സക്ക് ആവശ്യമുണ്ട്. ചെൽസിയുടെ സൂപ്പർതാരമായ എങ്കോളോ കാന്റെയെ ബാഴ്സ പരിഗണിക്കുന്നുണ്ടെങ്കിലും അത് നടക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. മാത്രമല്ല താരത്തിന്റെ പരിക്ക് ആശങ്ക ജനകവുമാണ്.ഇപ്പോഴിതാ ഈ സ്ഥാനത്തേക്ക് ബാഴ്സ പരിഗണിക്കുന്നത് അർജന്റീനയുടെ വേൾഡ് കപ്പ് ജേതാവായ ഗൈഡോ റോഡ്രിഗസിനെയാണ്.

ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ടോഡോ ഫിഷാജസാണ്. നിലവിൽ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിനു വേണ്ടിയാണ് ഈ അർജന്റീന താരം കളിച്ചുകൊണ്ടിരിക്കുന്നത്. പരിശീലകനായ മാനുവൽ പെല്ലഗ്രിനിക്ക് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് കഴിയുന്നുണ്ട്. മാത്രമല്ല സാവിയുടെ സിസ്റ്റത്തിന് അനുയോജ്യമായ ഒരു താരം കൂടിയാണ് റോഡ്രിഗസ്. ഇതുകൊണ്ടൊക്കെയാണ് ബാഴ്സ ഇപ്പോൾ ഈ താരത്തെ പരിഗണിക്കുന്നത്.

പക്ഷേ ബാഴ്സ മാത്രമല്ല താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്, മറിച്ച് മറ്റൊരു സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനും ഈ താരത്തെ ആവശ്യമുണ്ട്. അടുത്ത സീസണിന്റെ അവസാനത്തോടുകൂടിയാണ് ഈ അർജന്റീന താരത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുക.പക്ഷേ നിലവിൽ ക്ലബ്ബിന് ചില ഫണ്ടുകൾ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപക്ഷേ ഈ അർജന്റീന താരത്തെ വിൽക്കാൻ ബെറ്റിസ് തയ്യാറായേക്കും.

25 മില്യൺ യൂറോ ആയിരിക്കും താരത്തിന് വേണ്ടി റയൽ ബെറ്റിസ് ആവശ്യപ്പെടുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാത്രമാണ് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാവുകയുള്ളൂ.അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ടീമിന്റെ ഭാഗമാവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.മാത്രമല്ല വേൾഡ് കപ്പിൽ ചില മത്സരങ്ങളിൽ പകരക്കാരന്റെ റോളിൽ ഇദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.

Rate this post