പോർച്ചുഗൽ ടീമിലെ റൊണാൾഡോയുടെ ഭാവിയെന്ത്, റോബർട്ടോ മാർട്ടിനസുമായി താരം ചർച്ച നടത്തി

ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കിയ ഒഴിവിലേക്ക് റോബർട്ടോ മാർട്ടിനസിനെ നിയമിച്ചപ്പോൾ ഏവരും ചിന്തിച്ചത് ടീമിൽ റൊണാൾഡോയുടെ ഭാവി എന്താകുമെന്നായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ മാർട്ടിനസും കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഇത്തരം തീരുമാനങ്ങൾ കളിക്കളത്തിലാണ് എടുക്കുകയെന്നും റൊണാൾഡോ അടക്കം ലോകകപ്പിൽ കളിച്ച താരങ്ങളുമായി താൻ സംസാരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരം കാണാൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് സൗദി അറേബ്യയിൽ എത്തിയിരുന്നു. നിലവിൽ സൗദി ക്ലബായ അൽ നസ്‌റിന്റെ താരമായ റൊണാൾഡോ ആ സമയത്ത് മാർട്ടിനസുമായി പോർച്ചുഗൽ ടീമിലെ തന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പോർച്ചുഗൽ ടീമിനൊപ്പം താരം ഇനിയുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രഞ്ച് മാധ്യമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ തന്നെയാണ് റോബർട്ടോ മാർട്ടിനസിനുള്ളത്. ലോകകപ്പിലെ പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു റൊണാൾഡോയെങ്കിലും 2024ൽ നടക്കുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിലേക്ക് താരത്തെയും മാർട്ടിനസ് പരിഗണിക്കുന്നുണ്ട്. റൊണാൾഡോ ആരാധകർക്ക് സന്തോഷവാർത്തയാണിത്.

അന്താരാഷ്‌ട്ര ഫുട്ബാളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ റൊണാൾഡോ 196 മത്സരങ്ങളിൽ നിന്നും 118 തവണയാണ് ടീമിനായി വല കുലുക്കിയിരിക്കുന്നത്. സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്തിയാൽ ദേശീയ ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയും. ഇനി മാർച്ചിലാണ്‌ പോർച്ചുഗൽ ടീമിന്റെ മത്സരങ്ങൾ നടക്കാറുള്ളത്.