സൂപ്പർ പരിശീലകൻ കാത്തിരിക്കുന്നു, റയലിന്റെയോ ബാഴ്സയുടേയോ വിളിക്ക് കാതോർത്ത്
നിലവിൽ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയെ പരിശീലിപ്പിക്കുന്നത് അവരുടെ തന്നെ ഇതിഹാസതാരമായ സാവിയാണ്.സാവിക്ക് കീഴിലുള്ള ആദ്യ കിരീടം ദിവസങ്ങൾക്ക് മുന്നേ ബാഴ്സ കരസ്ഥമാക്കിയിരുന്നു.മാത്രമല്ല മികച്ച രൂപത്തിലാണ് ഇപ്പോൾ ലാലിഗയിൽ ബാഴ്സ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ സാവി ബാഴ്സയുടെ പരിശീലകനായി കൊണ്ട് തുടരും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.സാവിയെ മുൻനിർത്തി ഒരു ലോങ്ങ് പ്രൊജക്ടാണ് ഇപ്പോൾ ബാഴ്സയുടെ പദ്ധതികളിലുള്ളത്.
റയൽ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടി ഈ സീസൺ റയലിൽ പൂർത്തിയാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷം അദ്ദേഹം ഏത് രൂപത്തിലുള്ള തീരുമാനമെടുക്കും എന്നുള്ളതിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ബ്രസീലിന്റെ പരിശീലകനായി കൊണ്ട് അദ്ദേഹത്തെ വലിയ രൂപത്തിൽ പരിഗണിക്കുന്ന ഒരു സാഹചര്യമാണിത്. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് ചിലപ്പോൾ ഒരു ഒഴിവ് ഉണ്ടാവാൻ സാധ്യതയുണ്ട്.
പറഞ്ഞ് വരുന്നത് സൂപ്പർ പരിശീലകൻ തോമസ് ടുഷലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ടിനെ കുറിച്ചാണ്.അതായത് ഈ സീസണിന്റെ തുടക്കത്തിൽ ചെൽസി പുറത്താക്കിയതിനു ശേഷം ടുഷൽ ഇതുവരെ ഒരൊറ്റ ക്ലബ്ബിനെയും ഏറ്റെടുത്തിട്ടില്ല.അദ്ദേഹം ക്ലബ്ബ് പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്താൻ താല്പര്യപ്പെടുന്നുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന്റെ പരിശീലകനായി വരും എന്ന കിംവദന്തികൾ ഉണ്ടായിരുന്നുവെങ്കിലും അതിനിപ്പോൾ അവസാനമായിട്ടുണ്ട്.
സ്കൈ ജർമ്മനി ഒരു പുതിയ റിപ്പോർട്ട് പുറത്തേക്ക് വിട്ടിട്ടുണ്ട്.അതായത് ഒരുപാട് ക്ലബ്ബുകളുടെ ഓഫറുകൾ ഇപ്പോൾ ടുഷൽ നിരസിച്ച് കഴിഞ്ഞിട്ടുണ്ട്.കാരണം അദ്ദേഹം സ്പാനിഷ് ലീഗിൽ പരിശീലകൻ ആവാനാണ് ആഗ്രഹിക്കുന്നത്. അവിടെയും അദ്ദേഹത്തിന് നിബന്ധനകളുണ്ട്. എന്തെന്നാൽ എഫ് സി ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകളിൽ ഒന്നിന്റെ പരിശീലകനാവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
Thomas Tuchel wants to manage Real Madrid or Barcelona in the future. pic.twitter.com/Fq7B8uUSHn
— Frank Khalid OBE (@FrankKhalidUK) January 20, 2023
പക്ഷേ നേരത്തെ പറഞ്ഞതുപോലെ ബാഴ്സയുടെ പരിശീലകനാവാൻ ഉടനെ ടുഷലിന് ഒരു സാധ്യതയുമില്ല.മറിച്ച് എന്തെങ്കിലുമൊക്കെ സാധ്യത അവശേഷിക്കുന്നുണ്ടെങ്കിൽ അത് റയലിന്റെ പരിശീലകനാവാനാണ്. പക്ഷേ കാർലോ ആഞ്ചലോട്ടിയുടെ ഭാവിയെ ആശ്രയിച്ചാണ് അത് ഇരിക്കുന്നത്. ഏതായാലും റയലിനെയോ ബാഴ്സയെയോ അടുത്ത സീസണിൽ പരിശീലിപ്പിക്കാൻ ടുഷൽ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.