നായകനായിറങ്ങി മിന്നുന്ന പ്രകടനം, ആസ്റ്റൺ വില്ലയെ രക്ഷിച്ച് എമിലിയാനോ മാർട്ടിനസ്
ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ് എമിലിയാനോ മാർട്ടിനസ്. അർജന്റീന ടീമിന് ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തതിൽ താരത്തിന്റെ പങ്ക് വളരെ വലുതാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത താരം ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും സ്വന്തമാക്കി. എന്നാൽ ലോകകപ്പിനു ശേഷം വാഴ്ത്തലുകൾക്ക് പകരം വിമർശനങ്ങളാണ് എമിലിയാനോ മാർട്ടിനസിനെ കൂടുതൽ തേടിയെത്തിയത്.
ലോകകപ്പിന് ശേഷം നടത്തിയ ആംഗ്യങ്ങളുടെ പേരിലും ഫൈനലിൽ ഹാട്രിക്ക് നേടിയ എംബാപ്പയെ നിരന്തരം അധിക്ഷേപിച്ചതു കാരണവുമാണ് എമിലിയാനോ മാർട്ടിനസ് വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നത്. അർജന്റീനയുടെ എതിർചേരിയിലുള്ള എല്ലാവരും താരത്തെ വളഞ്ഞിട്ട് ആക്രമിച്ചു. എന്നാൽ അതിനൊന്നിനും തന്നെ തളർത്താൻ കഴിയില്ലെന്ന് തെളിയിക്കാന് ആസ്റ്റൺ വില്ലക്കു വേണ്ടി മിന്നുന്ന പ്രകടനം താരം നടത്തുന്നത്.
കഴിഞ്ഞ ദിവസം സൗതാംപ്ടനെതിരെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ ഹീറോയായത് എമിലിയാനോ മാർട്ടിനസ് ആയിരുന്നു. മത്സരത്തിൽ നായകനായി ഇറങ്ങിയ അർജന്റീന താരം ക്ലീൻ ഷീറ്റും വിജയവും ടീമിന് സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ചു. ഒല്ലീ വാറ്റ്കിൻസ് നേടിയ ഒരേയൊരു ഗോളിലാണ് ആസ്റ്റൺ വില്ല ജയിച്ചതെങ്കിലും അതിനേക്കാൾ മികച്ച പ്രകടനമാണ് എമിലിയാനോ നടത്തിയത്.
മത്സരത്തിലുടനീളം സ്വന്തം ടീമിന്റെ ഗോൾമുഖത്ത് വന്മതിലായി നിന്ന എമിലിയാനോ ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകൾ ഉൾപ്പെടെ അഞ്ചു സേവുകൾ മത്സരത്തിൽ നടത്തി. ഇതിൽ നാലെണ്ണവും ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. ഇതിനു പുറമെ അഡ്വാൻസ് ചെയ്തു വന്ന് മൂന്നു തവണ ക്ലിയറൻസ് നടത്താനും താരത്തിന് കഴിഞ്ഞു. എമിലിയാനോ നായകനായിറങ്ങിയ അഞ്ചിൽ നാല് മത്സരവും ആസ്റ്റൺ വില്ല വിജയിച്ചുവെന്ന് പ്രത്യേകതയുമുണ്ട്.
Emiliano Dibu Martinez vs Southampton pic.twitter.com/o2eICiFHdH
— EB10 (@buendiazboyz) January 21, 2023
ലോകകപ്പിന് ശേഷമുണ്ടായ വിമർശനങ്ങളുടെ പേരിൽ എമിലിയാനോ മാർട്ടിനസിനെ വിൽക്കാൻ ആസ്റ്റൺ വില്ല ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തന്നെ വിൽക്കാൻ ടീം രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ആസ്റ്റൺ വില്ലയുടെ സ്ഥിരം നായകനായി താരത്തെ നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.