പെപ് ഗ്വാർഡിയോളയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമെന്തെന്നു വെളിപ്പെടുത്തി അൽവാരസ്

സമകാലീന ഫുട്ബോളിലെ ഏറ്റവും തന്ത്രജ്ഞനായ പരിശീലകരിൽ ഒരാളാണ് പെപ് ഗ്വാർഡിയോള. ബാഴ്‌സലോണ വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും പരിശീലിപ്പിച്ച ബാക്കിയെല്ലാ ക്ലബിനൊപ്പവും ലീഗിൽ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി വമ്പൻ ടീമുകളുള്ള പ്രീമിയർ കഴിഞ്ഞ നിരവധി സീസണുകളായി ആധിപത്യം സ്ഥാപിക്കുന്നത് അതിനൊരു ഉദാഹരണമാണ്.

പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഈ സീസണിന്റെ തുടക്കത്തിലാണ് അർജന്റീനിയൻ താരമായ ഹൂലിയൻ അൽവാരസ് എത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയെങ്കിലും റിവർപ്ലേറ്റിൽ ലോൺ കരാറിൽ തുടർന്ന താരം ഒരു സീസണിന്റെ പകുതിയോളം പെപ് ഗ്വാർഡിയോളക്ക് കീഴിൽ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ഗ്വാർഡിയോളയിൽ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമെന്താണെന്ന് അൽവാരസ് വെളിപ്പെടുത്തി.

“ഞാനിവിടെ എത്തുന്നതിനു മുൻപ് തന്നെ ഗ്വാർഡിയോള എങ്ങിനെ പരിശീലിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അതിനു ശേഷവും എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം നടത്തുന്ന നിരവധിയായ റൊട്ടേഷനുകളാണ്. തുടർച്ചയായ മത്സരങ്ങൾക്ക് ഒരേ ഇലവനെ അദ്ദേഹം തിരഞ്ഞെടുക്കാറില്ല. എല്ലാ സമയത്തും നൂറു ശതമാനം മികച്ച പ്രകടനം നടത്താൻ തയ്യാറാകണമെന്ന് ഓരോ താരത്തിനും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.”

അതേസമയം ഗ്വാർഡിയോളയുടെ റൊട്ടേഷൻ പോളിസി പലപ്പോഴും വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. 2021 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ ഇല്ലാതെ ടീമിനെ ഇറക്കിയതും 2014 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയലിനെതിരെ ബയേണിനെ ഇറക്കി നാല് ഗോളുകളുടെ തോൽവി വഴങ്ങിയതും 2020ൽ ലിയോണിനെതിരെ 3 മാൻ ഡിഫൻസ് തയ്യാറാക്കി തോൽവി വഴങ്ങിയതുമെല്ലാം ഇതിനുദാഹരണമാണ്.

ഈ സീസണിലും തന്റെ റൊട്ടേഷൻ പോളിസി കൃത്യമായി പെപ് ഗ്വാർഡിയോള നടപ്പിലാക്കുന്നുണ്ട്. അതിശക്തമായ സ്‌ക്വാഡാണ് കയ്യിലുള്ളത് എന്നതിനാൽ തന്നെ തന്റെ പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെങ്കിലും അതുപോലെ തിരിച്ചടിയും വരാൻ സാധ്യതയുണ്ട്. നിലവിൽ ആഴ്‌സണലിന് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.