“ഇവിടെ തുടരാനാഗ്രഹമില്ലാത്തയാൾക്കു വേണ്ടി കരയാൻ ഞങ്ങളില്ല”- എൻസോ ഫെർണാണ്ടസിനെതിരെ രൂക്ഷവിമർശനം
ഖത്തർ ലോകകപ്പിൽ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട അർജന്റീനിയൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ജനുവരി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസമാണ് പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക വിട്ട് ചെൽസിയിലേക്ക് ചേക്കേറിയത്. ഇംഗ്ലണ്ടിൽ ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയായ 120 മില്ല്യൺ യൂറോയാണ് എൻസോ ഫെർണാണ്ടസിന് വേണ്ടി ചെൽസി മുടക്കിയത്.
കഴിഞ്ഞ സമ്മറിൽ റിവർപ്ലേറ്റിൽ നിന്നും ബെൻഫിക്കയിലെത്തിയ താരം മികച്ച പ്രകടനമാണ് പോർച്ചുഗീസ് ക്ലബിനൊപ്പം നടത്തിയത്. ലോകകപ്പിലും ഗംഭീര പ്രകടനം നടത്തിയതോടെ എൻസോ ഫെർണാണ്ടസിന് ആവശ്യക്കാരേറി. ഇതിനു പിന്നാലെയാണ് ചെൽസിയിലേക്ക് താരം ചേക്കേറിയത്. എന്നാൽ താരത്തിന്റെ ചെൽസി ട്രാൻസ്ഫറിൽ ബെൻഫിക്ക പ്രസിഡന്റായ റൂയി കോസ്റ്റ കടുത്ത വിമർശനമാണ് നടത്തിയത്.
“എൻസോ ഫെർണാണ്ടസിന് ബെൻഫിക്കയിൽ തുടരാൻ താൽപര്യമില്ലായിരുന്നു, ഞങ്ങൾക്കൊരു അവസരവും നൽകാൻ താരം തയ്യാറല്ലായിരുന്നു. ഞാൻ പരമാവധി ശ്രമിച്ചു, എനിക്ക് വേദനയുണ്ട്. പക്ഷെ ഇവിടെ തുടരാൻ ആഗ്രഹമില്ലാത്ത ഒരു കളിക്കാരനു വേണ്ടി കരയാൻ ഞാൻ തയ്യാറല്ല. ചെൽസി വന്നതോടു കൂടി താരത്തിന്റെ മനസു മാറ്റുക വളരെ പ്രയാസകരമായി മാറി.” അദ്ദേഹം പറഞ്ഞു.
“അടുത്ത സമ്മറിൽ താരത്തെ ചെൽസിക്ക് വിൽക്കാമെന്നുള്ള ഒരു കരാറിൽ ഞങ്ങൾ അവസാനദിവസം എത്തിയിരുന്നു. എന്നാൽ താരത്തിന് ഇവിടെ തുടരേണ്ടെന്ന തീരുമാനമായിരുന്നു. ചെൽസി റിലീസിംഗ് ക്ലോസ് നൽകുമെന്ന് അറിഞ്ഞ നിമിഷം മുതൽ താരത്തെ തടുക്കുക പ്രയാസകരമായി. ഞങ്ങൾ സമ്മർദ്ദം ചെലുത്തിയെങ്കിലും താരം ബെൻഫിക്കയിൽ തുടരാനുള്ള സന്നദ്ധത അറിയിച്ചില്ല.” റൂയി കോസ്റ്റ കൂട്ടിച്ചേർത്തു.
Rui Costa: “Enzo Fernández did not want to stay at Benfica. He didn’t give us any chance. I did my best, I’m sad but I’m not gonna cry for a player who didn’t want to stay”. 🔴🇦🇷 #CFC
— Fabrizio Romano (@FabrizioRomano) February 2, 2023
⁰“When Chelsea arrived, it was really impossible to change his mind”. pic.twitter.com/6sx2MAx02N
പിഎസ്ജി അടങ്ങിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബെൻഫിക്കയെ എത്തിക്കാൻ നിർണായക പങ്കു വഹിച്ച താരമാണ് എൻസോ ഫെർണാണ്ടസ്. ലോകകപ്പിന് ശേഷവും പോർച്ചുഗീസ് ക്ലബിനായി തകർപ്പൻ പ്രകടനമാണ് താരം നടത്തിയിരുന്നത്. ചെൽസിയെ സംബന്ധിച്ച് എൻസോയുടെ ട്രാൻസ്ഫർ വലിയൊരു നേട്ടം തന്നെയാണ്.