
കടുത്ത തീരുമാനവുമായി റയൽ മാഡ്രിഡ്, മൂന്നു താരങ്ങൾക്ക് മെച്ചപ്പെട്ട കരാറില്ല |Real Madrid
ഈ സീസൺ അവസാനിക്കുമ്പോൾ ആറു റയൽ മാഡ്രിഡ് താരങ്ങളുടെ കരാറാണ് അവസാനിക്കാനിരിക്കുന്നത്. സാഹചര്യം അങ്ങിനെയാണെങ്കിലും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഇവർക്ക് പകരക്കാരാവാൻ കഴിയുന്ന ഒരു താരത്തെപ്പോലും റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടില്ല. നിലവിലെ താരങ്ങളുമായി സീസൺ മുഴുവൻ മുന്നോട്ടു പോകാൻ തന്നെയാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്.
ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, മറിയാനോ ഡയസ്, മാർകോ അസെൻസിയോ, നാച്ചോ ഫെർണാണ്ടസ്, ഡാനി സെബയോസ് എന്നിവരാണ് ഈ സീസണോടെ കരാർ അവസാനിക്കുന്ന താരങ്ങൾ. ഇതിൽ മറിയാനോ ഡയസ് ക്ലബ് വിടാനാണ് സാധ്യത. ലൂക്ക മോഡ്രിച്ചിനും ടോണി ക്രൂസിനും നിലവിലുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാനും സാധ്യതയുണ്ട്.

അസെൻസിയോ, നാച്ചോ, സെബയോസ് എന്നിവരുടെ കാര്യത്തിലാണ് ഇപ്പോൾ തീരുമാനമാകാതെ നിൽക്കുന്നത്. എന്നാൽ ഇവർക്ക് ക്ലബിനോടുള്ള സ്നേഹം മുതലെടുക്കാനാണ് റയൽ മാഡ്രിഡിന്റെ തീരുമാനമെന്നാണ് സ്പാനിഷ് മാധ്യമം കദന സെർ വെളിപ്പെടുത്തുന്നത്. ക്ലബ് വിടാൻ ഇവർക്ക് താത്പര്യമില്ലെന്നിരിക്കെ പുതിയ കരാർ നൽകിയാലും അതിൽ പ്രതിഫലം വർധിപ്പിക്കില്ലെന്നാണ് റയൽ മാഡ്രിഡ് എടുത്തിരിക്കുന്ന നിലപാട്. ഇത് സ്വീകാര്യമല്ലെങ്കിൽ ഈ താരങ്ങൾക്ക് ക്ലബ് വിടാമെന്നും അവർ അറിയിച്ചിട്ടുണ്ട്.
Real Madrid are not bothered what other offers arrive.https://t.co/dVKcFYrqE5
— Football España (@footballespana_) February 3, 2023
ഈ താരങ്ങൾ ടീമിലെ റൊട്ടേഷൻ പോളിസി ഉൾക്കൊണ്ടു കളിക്കേണ്ടി വരുമെന്ന നിബന്ധനയും റയൽ മാഡ്രിഡ് മുന്നോട്ടു വെക്കുന്നുണ്ട്. നിലവിൽ റയൽ മാഡ്രിഡിനെക്കാൾ മികച്ച ഓഫർ ഈ താരങ്ങൾക്ക് നൽകാൻ യൂറോപ്പിലെ ക്ലബുകൾ തയ്യാറായേക്കും. എന്നാൽ ചെറുപ്പം മുതൽ റയൽ മാഡ്രിഡിനൊപ്പം കളിക്കുന്ന ഇവർ സ്പെയിനിൽ തന്നെ തുടരാൻ ആഗ്രഹിക്കുമെന്നതിനാൽ ഓഫർ സ്വീകരിക്കുമെന്നാണ് റയലിന്റെ പ്രതീക്ഷ.