നെയ്‌മറുടെയും എംബാപ്പയുടെയും അഭാവത്തിൽ മെസി നിറഞ്ഞാടി, താരത്തിന്റെ പ്രകടനത്തിന്റെ കണക്കുകൾ

ലോകകപ്പ് ടൂർണമെന്റ് കഴിഞ്ഞപ്പോൾ തിരിച്ചടികൾ നേരിട്ടു കൊണ്ടിരുന്ന ക്ലബായിരുന്നു പിഎസ്‌ജി. വമ്പൻ താരങ്ങളായ ലയണൽ മെസി, നെയ്‌മർ, എംബാപ്പെ എന്നിവരുടെ സാന്നിധ്യമുണ്ടായിട്ടും ഫോം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ടീം. അതുകൊണ്ടു തന്നെ പരിക്കേറ്റ എംബാപ്പായും നെയ്‌മറും ഇല്ലാതെ ഫ്രഞ്ച് ലീഗ് മത്സരത്തിനിറങ്ങുമ്പോൾ ആരാധകർക്ക് ആശങ്കയുമുണ്ടായിരുന്നു.

എന്നാൽ മുന്നേറ്റനിരയിലെ രണ്ടു പ്രധാന താരങ്ങളുടെ അഭാവത്തിൽ ലയണൽ മെസി നിറഞ്ഞാടുന്നതാണ് ഇന്നലത്തെ മത്സരത്തിൽ കണ്ടത്. പിഎസ്‌ജിയെ വിജയത്തിലേക്ക് കൊണ്ടു പോയ രണ്ടാം പകുതിയിലെ ഗോളടക്കം ഗംഭീര പ്രകടനമാണ് മെസി ടുളൂസേക്കെതിരെ നടത്തിയത്. ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ നിലവിൽ ഫ്രഞ്ച് ലീഗിൽ ഇരുപതു ഗോളുകളിലാണ് ലയണൽ മെസി പങ്കാളിയായിരിക്കുന്നത്.

ഗോൾ നേടിയതിനു പുറമെ ലയണൽ മെസിയുടെ വ്യക്തിഗത കണക്കുകളും മികച്ചതായിരുന്നു. മത്സരത്തിൽ എൺപത്തിയാറു ശതമാനം പാസിംഗ് കൃത്യത പുലർത്തിയ മെസി ഏഴ് കീ പാസുകളാണ് നൽകിയത്. ഇതിനു പുറമെ ഒരു വമ്പൻ അവസരം സൃഷ്‌ടിച്ച താരത്തിന്റെ ഷോട്ട് ഒരിക്കൽ പോസ്റ്റിൽ തട്ടി തെറിച്ചു പോവുകയും ചെയ്‌തു. എട്ട് ഡ്രിബിൾ ശ്രമത്തിൽ ആറെണ്ണവും വിജയത്തിലെത്തിക്കാനും മെസിക്കായി.

ക്രോസുകളും ലോങ്ങ് പാസുകളുമെല്ലാം ശ്രമം നടത്തിയതിൽ ഭൂരിഭാഗവും കൃത്യമായി എത്തിച്ച മെസി അവസാന നിമിഷത്തിൽ ഒരു ഗോൾ കൂടി എന്തായാലും നേടേണ്ടതായിരുന്നു. ഒരു പ്രത്യാക്രമണത്തിൽ ടുളൂസെ താരങ്ങളെ ഡ്രിബിൾ ചെയ്‌ത്‌ ബോക്‌സിലെത്തിയ താരം ഷോട്ടുതിർത്തെങ്കിലും അത് പോസ്റ്റിൽ തട്ടി തെറിച്ചു. അതിന്റെ റീബൗണ്ടിൽ വിജയം കാണാൻ വിറ്റിന്യക്കും കഴിഞ്ഞില്ല.

5/5 - (1 vote)