അൽ-നസ്സർ ക്ലബ്ബ് വിടാനുള്ള തീരുമാനം ക്രിസ്ത്യാനോ റൊണാൾഡോ വരുന്നതിന് മുൻപ് തന്നെ ഞാൻ എടുത്തിരുന്നു: വിൻസന്റ് അബുബക്കർ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലേക്ക് എത്തിക്കാൻ അൽ നസ്റിന് സാധിച്ചിരുന്നു.ലോക റെക്കോർഡ് സാലറിയാണ് ഇപ്പോൾ ക്ലബ്ബ് റൊണാൾഡോ നൽകിക്കൊണ്ടിരിക്കുന്നത്.റൊണാൾഡോ വന്നതോടുകൂടിയാണ് അൽ നസ്ർ കൂടുതൽ ലോകശ്രദ്ധ നേടി തുടങ്ങിയത്.ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാവാൻ ഇപ്പോൾ ഈ സൗദി ക്ലബ്ബിന് കഴിയുന്നുണ്ട്.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വന്ന ഉടനെ അവരുടെ പ്രധാനപ്പെട്ട താരമായ വിൻസന്റ് അബൂബക്കർ ക്ലബ്ബ് വിട്ടിരുന്നു.തുർക്കിഷ് ക്ലബ്ബായ ബെസിക്റ്റാസിലെക്കായിരുന്നു അദ്ദേഹം പോയിരുന്നത്.ക്രിസ്റ്റ്യാനോ വന്നതോടുകൂടി അൽ നസ്ർ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു എന്നുള്ള കിംവദന്തികൾ പ്രചരിച്ചിരുന്നു.അതിന്റെ സത്യാവസ്ഥ ഇപ്പോൾ ഈ താരം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.

അതായത് റൊണാൾഡോ വരുന്നതിനു മുന്നേ തന്നെ താൻ ക്ലബ്ബ് വിടാനുള്ള താൽപര്യം പരിശീലകനെ അറിയിച്ചിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റൊണാൾഡോ വന്നപ്പോഴും താൻ അൽ നസ്റിൽ തുടരണമെന്നാണ് ക്ലബ്ബ് ആഗ്രഹിച്ചിരുന്നത്,റൊണാൾഡോ എന്നോട് ക്ലബ്ബിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു,ഇതൊക്കെയാണ് വിൻസന്റ് അബൂബക്കർ ഈ വിഷയത്തിൽ കനാൽ പ്ലസ് എന്ന ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നതിന് മുന്നേ തന്നെ ക്ലബ്ബ് വിടാൻ ഞാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം എന്റെ പരിശീലകനെ അറിയിച്ചിരുന്നു.റൊണാൾഡോ വന്നതോടുകൂടി ഒരു വിദേശ താരം ക്ലബ്ബിൽ നിന്നും പുറത്തേക്ക് നിർബന്ധമായി.ഞാനത് സ്വയം ഏറ്റെടുക്കുകയായിരുന്നു.ക്ലബ്ബിൽ തന്നെ തുടരാൻ എന്നോട് റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു.ചുരുങ്ങിയത് ഈ സീസണിന്റെ അവസാനം വരെയെങ്കിലും ക്ലബ്ബിൽ തുടരണമെന്ന് റൊണാൾഡോ എന്നോട് പറഞ്ഞു.പക്ഷേ എനിക്ക് ക്ലബ്ബ് വിടണമായിരുന്നു.ക്ലബ്ബിനും ഞാൻ തുടരാൻ ആയിരുന്നു ആഗ്രഹം.ഈ സീസണിന്റെ അവസാനം വരെയുള്ള സാലറി തരാമെന്ന് അവർ എനിക്ക് വാഗ്ദാനം ചെയ്തു.പക്ഷേ ഞാനാണ് ക്ലബ്ബ് വിടാനുള്ള തീരുമാനമെടുത്തത്’ വിൻസന്റ് അബൂബക്കർ പറഞ്ഞു.

ഇതോടുകൂടി എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്.അൽ നസ്റിന് വേണ്ടി മികച്ച രൂപത്തിൽ തന്നെ കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഈ കാമറൂൺ താരം.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടിക്കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തി കൂടിയാണ് വിൻസന്റ് അബൂബക്കർ.