മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാസെമിറോയുടെ അഭാവം നികത്താൻ മാർസൽ സാബിറ്റ്‌സറിന് കഴിയുമോ ? |Manchester United
ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായാണ് ഓസ്ട്രിയൻ മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന ചരിത്രത്തിലെ ആദ്യ ഓസ്ട്രിയൻ താരമെന്ന റെക്കോർഡും സാബിറ്റ്സർ സ്വന്തമാക്കി. ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ അവസാനം വരെ സാബിറ്റ്സറെ സ്വന്തമാക്കിയത്. എറിക് ടെൻ ഹാഗിന്റെ പ്രവർത്തനങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെ വേഗം ഗുണം ചെയ്തു എന്ന് പറയേണ്ടി വരും.
ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ പരിക്കിൽ നിന്ന് മുക്തമാകാൻ മൂന്ന് മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിലെ മറ്റൊരു മധ്യനിര താരമായ സ്കോട്ട് മക് ടോമിനയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൂർണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങാൻ മക്‌ടോമിനയ്ക്ക് രണ്ടാഴ്ച കൂടി വേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഫോമിലുള്ള ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ ക്രിസ്റ്റൽ പാലസിനെതിരെ ചുവപ്പ് കാർഡ് കണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് മൂന്ന് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചു.
ഇതോടെ പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിനെതിരായ ഹോം-എവേ മത്സരങ്ങളും ലെസ്റ്റർ സിറ്റിക്കെതിരായ മത്സരവും കാസെമിറോയ്ക്ക് നഷ്ടമാകുമെന്ന് ഉറപ്പായി. കാസെമിറോയുടെ സസ്പെൻഷൻ ടീമിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഗിയ പറഞ്ഞെങ്കിലും, കാസെമിറോയുടെ ശൂന്യത നികത്താൻ സാബിറ്റ്സറിന് കഴിയുമെന്ന് ഡി ഗിയ തന്റെ വിശ്വാസം പങ്കിടുന്നു. “ഇത് കഠിനമായിരിക്കും, ഉറപ്പാണ്. ഞങ്ങൾക്ക് ഇതിനകം ക്രിസ്റ്റ്യനെ നഷ്ടപ്പെട്ടു, ഇപ്പോൾ കാസെമിറോ, ഞങ്ങളുടെ വലിയ കളിക്കാരാണ് അവർ , ”ഡി ഗിയ പറയുന്നു.
“ഞങ്ങൾക്ക് ഒരു വലിയ സ്ക്വാഡുണ്ട്, കളിക്കാർ കളിക്കാൻ തയ്യാറാണ്, എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാബിറ്റ്സർ ഇതിനകം തന്റെ കഴിവ് കാണിച്ചു,ചില നല്ല ടാക്കിളുകൾ നടത്തി, പന്ത് നന്നായി കൈകാര്യം ചെയ്തു. പരിചയസമ്പന്നനായ ആളാണ്. ഒരാൾ കുറയുമ്പോൾ ളിയിലേക്ക് വരുന്നത് എളുപ്പമല്ല, അദ്ദേഹം നല്ല സ്പിരിറ്റ് കാണിച്ചു, ടീമിനെ വളരെയധികം സഹായിക്കാൻ പോകുകയാണ്, ”ഡി ഗിയ പറഞ്ഞു. അതേസമയം, ഒരു പരിശീലന സെഷനിൽ പോലും തോൽക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ് താനെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി അടുത്തിടെ നടന്ന പരിശീലന സെഷനിൽ പങ്കെടുത്ത ശേഷം സാബിറ്റ്സർ പറഞ്ഞു.
Marcel Sabitzer- Instant Impact
— Charlie (@ThreadmanChaza) February 5, 2023
Look how the Austrian carries the ball up the pitch here and then watch his reaction when United lose the ball. He anticipates the pass that’s coming from Olise to Clyne, covers ground quickly and makes the tackle 🔥🇦🇹pic.twitter.com/pwTGAl7lQa
“ഞാൻ പെട്ടന്ന് പരാജയപ്പെടില്ല പരിശീലനത്തിൽ പോലും എനിക്ക് തോൽക്കാനാവില്ല. വർഷങ്ങളായി എനിക്ക് ആ മാനസികാവസ്ഥയുണ്ട്, തോൽക്കുന്നത് ഞാൻ വെറുക്കുന്നു, ”സാബിറ്റ്സർ പറഞ്ഞു. എന്നിരുന്നാലും, മാഞ്ചസ്റ്റർ യുണൈറ്റഡിനായി തന്റെ രണ്ടാം മത്സരം കളിക്കാൻ ഒരുങ്ങുന്ന സാബിറ്റ്‌സറിന് ഇൻ ഫോമിലുള്ള കാസെമിറോയുടെ ശൂന്യത പൂർണ്ണമായും നികത്താൻ കഴിയുമോ എന്നത് സംശയമാണ്.