റൊണാൾഡോക്കൊപ്പം ബാഴ്‌സലോണ താരത്തെ അണിനിരത്താനുള്ള പദ്ധതിയുമായി അൽ നസ്ർ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ നിരവധി താരങ്ങളെയും സൗദി ക്ലബുകളെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. റാമോസ്, ഹസാർഡ്, മോഡ്രിച്ച്, പെപ്പെ തുടങ്ങിയ താരങ്ങളെല്ലാം ഇതിലുൾപ്പെടുന്നു. റൊണാൾഡോ കളിക്കുന്ന ക്ലബായ അൽ നസറിന്റെ എതിരാളികളായ അൽ ഹിലാൽ ലയണൽ മെസിയെ ടീമിലെത്തിക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു.

ഇപ്പോൾ അൽ നസ്‌റിനെയും ബാഴ്‌സലോണ താരത്തെയും ചേർത്തുള്ള അഭ്യൂഹങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ബാഴ്‌സലോണയുടെയും സ്പെയിൻ ടീമിന്റെയും നായകനായ സെർജിയോ ബുസ്‌ക്വറ്റ്‌സിനെയാണ് അൽ നസ്ർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇക്കാലമത്രയും ബാഴ്‌സലോണയ്ക്ക് വേണ്ടി മാത്രം ബൂട്ട് കെട്ടിയ താരം ഈ സീസണ് ശേഷം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

മുപ്പത്തിനാലുകാരനായ താരം ഈ സീസണിൽ കളിച്ച പതിനെട്ടിൽ പതിനാറു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കാൻ കഴിയുന്നില്ലെങ്കിലും ബാഴ്‌സലോണയുടെ ശൈലിയിൽ താനൊരു നിർണായകഘടകമാണെന്ന് ഓരോ മത്സരത്തിലും ബുസ്‌ക്വറ്റ്സ് തെളിയിക്കുന്നു. എന്നാൽ സൗദിയിൽ നിന്നുള്ള മോഹനവാഗ്‌ദാനം താരം പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം സ്‌പാനിഷ്‌ താരത്തിന് പതിനാറു മില്യൺ പൗണ്ട് പ്രതിവർഷം പ്രതിഫലമായി നൽകുന്ന രണ്ടു വർഷത്തെ കരാറാണ് സൗദി അറേബ്യൻ ക്ലബ് ഓഫർ ചെയ്യുന്നത്. അതേസമയം സൗദിയിൽ നിന്ന് മാത്രമല്ല സെർജിയോ ബുസ്‌ക്വറ്റ്‌സിന് ഓഫറുള്ളത്. അമേരിക്കൻ ലീഗിലെ ക്ലബുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ടെങ്കിലും സൗദിയുടെ പണക്കൊഴുപ്പ് നിർണായകമായേക്കും.

താരത്തെ നിലനിർത്താനുള്ള ശ്രമങ്ങളാണ് ബാഴ്‌സലോണ നടത്തുന്നത്. ബുസ്‌ക്വറ്റ്‌സിന് ചേരുന്ന ഒരു പകരക്കാരനെ കണ്ടെത്തുക ബാഴ്‌സയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അടുത്ത സമ്മറിൽ ഒരു താരത്തെ ടീമിലെത്തിച്ച് രണ്ടു പേരെയും മാറിമാറി കളിപ്പിക്കുകയെന്ന പദ്ധതിയാണ് ബാഴ്‌സക്കുള്ളത്. എന്നാൽ ക്ലബ് നൽകുന്ന ഓഫർ അനുസരിച്ചായിരിക്കും താരം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Rate this post