ബ്രസീൽ പുറത്തായപ്പോൾ വേൾഡ് കപ്പ് നേടിയ പോലെ ആഘോഷിച്ചതിന്റെ കാരണം വ്യക്തമാക്കി പപ്പു ഗോമസ്

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ റൗണ്ടിൽ ഒരേ ദിവസമായിരുന്നു ലാറ്റിനമേരിക്കൻ ബദ്ധവൈരികളായ അർജന്റീനയുടെയും ബ്രസീലിന്റെയും മത്സരം നടന്നിരുന്നത്.ബ്രസീൽ ക്രൊയേഷ്യയെയായിരുന്നു നേരിട്ടിരുന്നത്.ആ മത്സരമായിരുന്നു ആദ്യം നടന്നിരുന്നത്.മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയും ചെയ്തു.

പിന്നീടാണ് അർജന്റീനയുടെ ക്വാർട്ടർ ഫൈനൽ മത്സരം നടന്നത്. നെതർലാന്റ്സിനെതിരെയുള്ള ആ മത്സരം ഒരു ത്രില്ലർ പോരാട്ടം തന്നെയായിരുന്നു. നിരവധി ട്വിസ്റ്റുകൾ ആ മത്സരത്തിൽ സംഭവിച്ചു.അതിനുശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയതും സെമിഫൈനൽ പ്രവേശനം സാധ്യമാക്കിയതും.

ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ടു കൊണ്ട് പുറത്തു പോയപ്പോൾ അർജന്റീന താരങ്ങൾ അതിനോട് എങ്ങനെയാണ് റിയാക്ട് ചെയ്തത് എന്നുള്ളത് സൂപ്പർതാരമായ പപ്പു തുറന്നു പറഞ്ഞിട്ടുണ്ട്.ബ്രസീൽ പുറത്തായാൽ വേൾഡ് കപ്പ് കിരീടം നമ്മുടേതാണ് എന്നുള്ളത് എല്ലാ അർജന്റീന താരങ്ങളും പറഞ്ഞിരുന്നു എന്നാണ് പപ്പു ഗോമസ് വെളിപ്പെടുത്തിയിട്ടുള്ളത്.ബ്രസീൽ പുറത്തായപ്പോൾ വേൾഡ് കപ്പ് കിരീടം നേടിയത് പോലെ തങ്ങൾ ആഘോഷിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ ഹോളണ്ടിനെതിരെയുള്ള മത്സരം കളിക്കാൻ പോകുന്നതിനു മുന്നേയായിരുന്നു ബ്രസീലിന്റെ മത്സരം നടന്നുകൊണ്ടിരുന്നത്.അപ്പോൾ ഞങ്ങൾ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നു.ബ്രസീൽ പരാജയപ്പെട്ട് പുറത്തായാൽ ഈ വേൾഡ് കപ്പ് കിരീടം നമ്മുടേതാണ്.ഞങ്ങൾ അവരുടെ പെനാൽറ്റി ഷൂട്ടൗട്ട് കണ്ടു.ക്രൊയേഷ്യ വിജയിച്ചു കൊണ്ട് മുന്നോട്ടു പോയപ്പോൾ ഞങ്ങൾ വിജയിച്ചത് പോലെയും കിരീടം നേടിയത് പോലെയുമാണ് ആഘോഷിച്ചത് ‘പപ്പു ഗോമസ് പറഞ്ഞു.

ക്രൊയേഷ്യക്കെതിരെ പിന്നീട് നടന്ന സെമിഫൈനലിൽ ആധികാരിക വിജയം നേടാൻ അർജന്റീന കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.പിന്നീട് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന വേൾഡ് കപ്പ് നേടുകയും ചെയ്തു.

Rate this post