സൗദിയിൽ ഗോൾവേട്ടയാരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്വന്തമാക്കിയത് നിരവധി നേട്ടങ്ങൾ |Cristiano Ronaldo

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നിറഞ്ഞാടിയ മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്. അൽ നസ്ർ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ മുഴുവൻ ഗോളുകളും റൊണാൾഡോയാണ് നേടിയത്. അൽ ഫത്തഹുമായി നടന്ന മത്സരത്തിൽ അൽ നസ്‌റിനായി പെനാൽറ്റിയിലൂടെ ആദ്യത്തെ ഗോൾ നേടിയ റൊണാൾഡോ ഇന്നലെ തന്റെ ബൂട്ടുകൾ ഇനിയും ഗോൾ വർഷിക്കുമെന്ന് തെളിയിച്ചു.

മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടിൽ റൊണാൾഡോ ആദ്യത്തെ ഗോൾ നേടി, അബ്ദുൾറഹ്മാൻ കരീമിൽ നിന്നും പന്ത് സ്വീകരിച്ച താരം ഇടങ്കാൽ ഷോട്ടിലൂടെ ഗോൾകീപ്പറെ കീഴടക്കി. ഇതോടെ കരിയറിൽ അഞ്ഞൂറ് ലീഗ് ഗോളുകളെന്ന റെക്കോർഡ് കൂടി റൊണാൾഡോ സ്വന്തമാക്കി. മത്സരത്തിനു ശേഷം ഇതുവരെയുള്ള കരിയറിൽ ലീഗ് മത്സരങ്ങളിൽ മാത്രം 503 ഗോളുകൾ റൊണാൾഡോയുടെ പേരിലുണ്ട്.

ആദ്യപകുതിയുടെ നാൽപതാം മിനുട്ടിൽ ഒരു ഗോൾ കൂടി നേടിയ താരം രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽറ്റിയിലൂടെയാണ് തന്റെ ഹാട്രിക്ക് തികക്കുന്നത്. ഇതോടെ കരിയറിൽ റൊണാൾഡോ 61 ഹാട്രിക്കുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇതിൽ 31 ഹാട്രിക്കുകളും താരം നേടിയത് മുപ്പതു വയസിനു ശേഷമായിരുന്നു എന്നത് പ്രായം താരത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

അറുപത്തിയൊന്നാം മിനുട്ടിൽ റൊണാൾഡോ തന്റെ നാലാം ഗോളും കുറിച്ച് അൽ നസ്‌റിൽ എത്തിയതിനു ശേഷം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി. സൗദി ലീഗുമായി ഒത്തിണങ്ങാൻ വൈകിയതാണ് റൊണാൾഡോക്ക് ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നത്. എന്നാൽ സഹതാരങ്ങളുമായി കൂടുതൽ ചേർന്നു പോകുന്നത് റൊണാൾഡോയുടെ ബൂട്ടുകൾ ഗോൾ വർഷിക്കാൻ കാരണമായി.

സൗദി ലീഗിൽ പതിമൂന്നാം സ്ഥാനത്തുള്ള അൽ വഹ്ദയെ തോൽപ്പിച്ചതോടെ പതിനാറ് മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി അൽ നസ്ർ ഒന്നാമതാണ്. എന്നാൽ അൽ ഷബാബ്, അൽ ഇത്തിഹാദ്, അൽ ഹിലാൽ എന്നീ ടീമുകളെല്ലാം തൊട്ടു പിന്നിൽ തന്നെയുള്ളതിനാൽ ലീഗ് കിരീടം ഉറപ്പിക്കാൻ മികച്ച പ്രകടനം നടത്തേണ്ടി വരും. റൊണാൾഡോയുടെ ബൂട്ടുകൾ അതിനു സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post