ലോകകപ്പ് ഫൈനലിലെ ❛ഗോൾഡൻ ഗ്ലൗ❜ ആഘോഷത്തെ മെസ്സിയും ശാസിച്ചു, ഇനി അങ്ങനെ ഒരു സംഭവം ഉണ്ടാവില്ല-എമിലിയാനൊ മാർട്ടിനെസ്
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം ലഭിക്കാൻ പ്രധാനമായും കാരണക്കാരനായ ഒരു താരമാണ് അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്.പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹം അർജന്റീനയെ വിജയിപ്പിക്കുകയായിരുന്നു.ഹോളണ്ടിനെതിരെയും ഫ്രാൻസിനെതിരെയുമൊക്കെ എമി മാർട്ടിനസ് ഇല്ലായിരുന്നുവെങ്കിൽ അർജന്റീനക്ക് വിജയം ബുദ്ധിമുട്ടായേനെ.
അതുകൊണ്ടുതന്നെയാണ് വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ അദ്ദേഹത്തിന് ലഭിച്ചത്. അതിനുശേഷം അദ്ദേഹം ആ വേദിയിൽ വെച്ച് നടത്തിയ സെലിബ്രേഷൻ വലിയ വിവാദമായിരുന്നു.മഹദ് വ്യക്തികളുടെ മുന്നിൽ വെച്ചാണ് അത്തരത്തിലുള്ള ഒരു വിചിത്രമായ സെലിബ്രേഷൻ ഉണ്ടായതെന്ന് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു.മാത്രമല്ല അർജന്റീനയിൽ വെച്ച് കിലിയൻ എംബപ്പേയെ അദ്ദേഹം അപമാനിച്ചതും ലോക ഫുട്ബോളിൽ ചർച്ച ചെയ്യപ്പെട്ടു.
ഒടുവിൽ എമിലിയാനോ മാർട്ടിനസ് തന്നെ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.ഇനി ആ സെലിബ്രേഷൻ താൻ ആവർത്തിക്കില്ല എന്ന രൂപത്തിലാണ് ഇപ്പോൾ അർജന്റീനയുടെ ഗോൾകീപ്പർ സംസാരിച്ചിട്ടുള്ളത്.ലയണൽ മെസ്സി പോലും തനിക്ക് ഈ വിഷയത്തിൽ വാണിംഗ് നൽകി എന്നും ഇദ്ദേഹം പറഞ്ഞു.ഫ്രാൻസ് ഫുട്ബോളിനോടാണ് ഈ ഗോൾകീപ്പർ സംസാരിച്ചത്.
‘ആ സെലിബ്രേഷൻ അതേ രീതിയിൽ തന്നെ ഇനി ചെയ്യാൻ കഴിയില്ല എന്നുള്ളത് ഞാൻ മനസ്സിലാക്കി കഴിഞ്ഞു.ഞാൻ ആരെയും വേദനിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല.ഞാൻ ഒരുപാട് കാലം ഫ്രഞ്ച് ആളുകളോടൊപ്പം കളിച്ചിട്ടുണ്ട്.അവരുമായി എനിക്ക് ഒരു പ്രശ്നവുമില്ല.ഞാൻ ഏത് തരത്തിലുള്ള ഒരു വ്യക്തിയാണ് എന്നുള്ളത് നിങ്ങൾക്ക് ജിറൂഡിനോട് ചോദിക്കാം.ഫ്രഞ്ച് സംസ്കാരവും മെന്റാലിറ്റിയും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്.ഗോൾഡൻ ഗ്ലൗ ഉപയോഗിച്ചുകൊണ്ട് ഞാൻ നടത്തിയ ആ സെലിബ്രേഷൻ സഹതാരങ്ങൾക്കൊപ്പമുള്ള ഒരു തമാശ മാത്രമായിരുന്നു.ഞാൻ അത് നേരത്തെ കോപ്പ അമേരിക്കയിലും ചെയ്തതാണ്.പക്ഷേ ഇനി അത് ചെയ്യാൻ പാടില്ല എന്നുള്ളത് എന്റെ സഹതാരങ്ങൾ തന്നെ എന്നോട് പറഞ്ഞു.ലയണൽ മെസ്സി പോലും എനിക്ക് വാണിംഗ് നൽകി.ഞാൻ അവർക്ക് വേണ്ടിയാണ് അത് ചെയ്തത്.അതിനേക്കാൾ അപ്പുറം ഒന്നുമില്ല.അത് ആ നിമിഷത്തിൽ സംഭവിച്ചു’ അർജന്റീന ഗോൾകീപ്പർ പറഞ്ഞു.
'Even Leo told me' – Emiliano Martinez admits Lionel Messi advised him against lewd Golden Glove celebration at World Cup 2022 | https://t.co/N76zEzRsUU US https://t.co/jp2CzHc6FP
— Adrian Holman (@ahol888) February 10, 2023
ഇനി ആ സെലിബ്രേഷൻ ആവർത്തിക്കില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.ആ അവാർഡിനേയും ആ വേദിയെയും അപമാനിക്കുന്ന രൂപത്തിലുള്ള സെലിബ്രേഷൻ ആണ് അത് എന്ന തരത്തിൽ വലിയ വിമർശനങ്ങൾ ഈ ഗോൾകീപ്പർ കേൾക്കേണ്ടി വന്നിരുന്നു.അതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.