ബ്രസീൽ തന്നെ രാജാക്കന്മാർ, ലാറ്റിനമേരിക്കൻ കിരീടം ഒരിക്കൽ കൂടി സ്വന്തമാക്കി

ഇന്ന് നടന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഉറുഗ്വയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് കരുത്തരായ ബ്രസീൽ കിരീടം നേടി.ഫൈനൽ റൗണ്ടിൽ ഉറുഗ്വയെ മറികടന്നുകൊണ്ടാണ് ഇപ്പോൾ ബ്രസീൽ ഈ കിരീടം നേടിയിട്ടുള്ളത്.ഒരു വലിയ ഇടവേളക്ക് ശേഷമാണ് യുവതാരങ്ങളുടെ കോപ്പ അമേരിക്ക കിരീടം ബ്രസീൽ കരസ്ഥമാക്കുന്നത്.

മത്സരത്തിന്റെ 84ആം മിനിറ്റിൽ ആൻഡ്രേ സാന്റോസാണ് ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയത്.അതിന് ശേഷം പെഡ്രോ 92ആം മിനുട്ടിൽ ഗോൾ നേടിയതോടുകൂടി ബ്രസീൽ വിജയം ഉറപ്പിക്കുകയായിരുന്നു. ഇതോടെ കിരീടം നേടാനും ബ്രസീലിന് കഴിഞ്ഞു.ഒരു പോയിന്റിനാണ് ഫൈനൽ റൗണ്ടിൽ ബ്രസീൽ ഉറുഗ്വയെ പരാജയപ്പെടുത്തിയത്.

ഫൈനൽ റൗണ്ടിൽ 5 മത്സരങ്ങളിൽ നിന്ന് നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റ് ആണ് ബ്രസീൽ നേടിയിട്ടുള്ളത്.5 മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു തോൽവിയുമോടെ 12 പോയിന്റ് ആണ് ഉറുഗ്വ നേടിയിട്ടുള്ളത്.അവസാന മത്സരത്തിൽ ഉറുഗ്വയെ പരാജയപ്പെടുത്തിയത് കൊണ്ടാണ് ഒരു പോയിന്റ് ലീഡിൽ ബ്രസീലിന് ഇപ്പോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുള്ളത്.

അവസാനമായി 2011ലാണ് ബ്രസീൽ ഈ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.12 വർഷത്തിനുശേഷം ഒരിക്കൽ കൂടി ഈ കപ്പ് നേടാൻ ബ്രസീലിന് കഴിഞ്ഞു.മാത്രമല്ല പന്ത്രണ്ടാം തവണയാണ് ഇപ്പോൾ ബ്രസീൽ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടുന്നത്.ഗ്രൂപ്പ് ഘട്ടത്തിലും ഫൈനൽ ഘട്ടത്തിലുമായി ആകെ 8 മത്സരങ്ങൾ കളിച്ച ബ്രസീൽ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല.7 വിജയവും ഒരു സമനിലയും ആണ് ബ്രസീൽ നേടിയിട്ടുള്ളത്.

മാത്രമല്ല ബ്രസീൽ അടുത്ത അണ്ടർ 20 വേൾഡ് കപ്പിനും യോഗ്യത നേടിയിട്ടുണ്ട്.8 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ബ്രസീൽ വേൾഡ് കപ്പ് കളിക്കാൻ ഒരുങ്ങുന്നത്.ആൻഡ്രേ സാന്റോസ്,വിറ്റൊർ റോക്യു എന്നിവരാണ് ഈ ടൂർണമെന്റിൽ ഉടനീളം ബ്രസീലിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തത്.അതേസമയം ബ്രസീലിന്റെ ബദ്ധവൈരികളായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.അവർക്ക് വരുന്ന വേൾഡ് കപ്പിന് യോഗ്യത നേടാനും കഴിഞ്ഞിരുന്നില്ല.