പിഎസ്‌ജിയുടെ തോൽ‌വിയിൽ സഹതാരങ്ങളുമായും സ്പോർട്ടിങ് ഡയറക്റ്ററുമായി കയർത്ത് നെയ്‌മർ

വമ്പൻ താരങ്ങൾ നിരവധിയുണ്ടെങ്കിലും മികച്ച ഫോമിൽ കളിക്കാൻ കഴിയാതെ പതറുന്ന പിഎസ്‌ജിയിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ മൊണോക്കോയുമായി നടന്ന മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയിരുന്നു. ഇതിനു ശേഷമാണ് ടീമിലെ പ്രശ്‌നങ്ങൾ പുറത്തു വന്നതെന്ന് എൽ എക്വിപ്പെ വെളിപ്പെടുത്തുന്നു. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്‌ജി തോൽവി വഴങ്ങിയത്.

മത്സരത്തിന് ശേഷം ടീമിലെ സഹതാരങ്ങളായ വിറ്റിന്യ, എകിറ്റികെ എന്നിവരോടാണ് നെയ്‌മർ കയർത്തത്. മത്സരത്തിൽ വിറ്റിന്യ കൃത്യമായ ഏരിയകളിൽ പന്ത് നൽകാൻ പരാജയപ്പെട്ടുവെന്ന് താരം പരാതിപ്പെട്ടു. ഇതിനു പുറമെ സ്‌ട്രൈക്കറായി കളിച്ചിരുന്ന എകിറ്റികെക്ക് കളിക്കളത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള പോരായ്‌മയും നെയ്‌മർ ചൂണ്ടിക്കാട്ടുകയുണ്ടായി.

മത്സരത്തിന് ശേഷം ടീമിലെ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് വരുന്ന സമയത്ത് ക്ലബ് സ്പോർട്ടിങ് ഡയറക്റ്ററായ ലൂയിസ് കാമ്പോസ് വിമർശനം നടത്തിയിരുന്നു. ഇതിനോടും നെയ്‌മർ നല്ല രീതിയിലല്ല പ്രതികരിച്ചത്. നെയ്‌മർ മാത്രമല്ല കാമ്പോസിനെതിരെ പ്രതികരിച്ചത്. പിഎസ്‌ജി നായകനും പ്രതിരോധതാരവുമായ മാർക്വിന്യോസും സ്പോർട്ടിങ് ഡയറക്റ്ററോട് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.

പിഎസ്‌ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാറേ സംബന്ധിച്ച് ഇപ്പോൾ ടീമിൽ നിന്നും വരുന്ന വാർത്തകൾ ഒട്ടും പ്രതീക്ഷ നൽകുന്ന ഒന്നല്ല. അടുത്ത ദിവസം തന്നെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുകയാണ് പിഎസ്‌ജി. നിർണായകമായ ആ മത്സരത്തിൽ വിജയം നേടണമെങ്കിൽ ടീമിലെ താരങ്ങൾ തമ്മിൽ ഒത്തിണക്കം നിർബന്ധമാണെന്നിരിക്കെയാണ് അതിനു വിപരീതമായി കാര്യങ്ങൾ സംഭവിക്കുന്നത്.

താരങ്ങളുടെ ഫിറ്റ്നസ് പ്രശ്‌നങ്ങളും പിഎസ്‌ജിക്ക് തിരിച്ചടിയാണ്. എംബാപ്പെ, മെസി തുടങ്ങിയ താരങ്ങൾക്ക് പരിക്കേറ്റ് സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ഇതിനു പുറമെ വൈറസ് ബാധയേറ്റതു കാരണം ചില താരങ്ങൾക്ക് കഴിഞ്ഞ മത്സരം നഷ്‌ടമായിരുന്നു. ഇത്തവണയും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തു പോകേണ്ട അവസ്ഥ പിഎസ്‌ജിക്കുണ്ടായാൽ അത് ടീമിലെ പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാക്കുമെന്നതിൽ സംശയമില്ല.

1/5 - (1 vote)