എന്റെ ഹൃദയം അവർക്കൊപ്പമാണ്: തുർക്കി ദുരിതബാധിതർക്ക് വേണ്ടി ലോകത്തോട് സഹായമഭ്യർത്ഥിച്ച് മെസ്സി

ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഒരു ഭൂകമ്പമായിരുന്നു ദിവസങ്ങൾക്ക് മുന്നേ തുർക്കിയിലും സിറിയയിലും സംഭവിച്ചിരുന്നത്.തീവ്രതയേറിയ ഭൂകമ്പം വലിയ നാശമാണ് ഇരു രാജ്യങ്ങളിലും വിതച്ചത്.ഒരുപാട് പേർക്ക് ജീവൻ നഷ്ടമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഈ ഭൂകമ്പ ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ഒഴുകുകയാണ്.

നേരത്തെ തന്നെ ലയണൽ മെസ്സി ഇതിന്റെ ഭാഗമായിരുന്നു. അതായത് മെസ്സി സൈൻ ചെയ്ത ഒരു ജേഴ്സി ഈ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി ലേലം ചെയ്യാൻ താരം സമ്മതിച്ചിരുന്നു.തുർക്കിഷ് താരമായ മെറിഹ് ഡെമിറാൽ വഴിയാണ് മെസ്സിയുടെ ജേഴ്സി ലേലത്തിന് വെച്ചിരിക്കുന്നത്.ക്രിസ്റ്റ്യാനോ,നെയ്മർ,കിലിയൻ എംബപ്പേ തുടങ്ങിയ സൂപ്പർ താരങ്ങളും തങ്ങളുടെ സൈൻ ചെയ്ത ജേഴ്സികൾ ലേലം ചെയ്യാൻ സമ്മതം അറിയിച്ചിട്ടുണ്ട്.

ഇതിനുപുറമേ ലയണൽ മെസ്സി കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പുറത്തു വിട്ടിട്ടുണ്ട്.യുനിസെഫിന്റെ കീഴിൽ തുർക്കി ദുരന്തബാധിതരെ സഹായിക്കാൻ വേണ്ടി ഫണ്ട് ശേഖരണം നടക്കുന്നുണ്ട്.പ്രത്യേകിച്ച് അവിടുത്തെ കുട്ടികളെ സഹായിക്കാൻ വേണ്ടിയാണ് യുനിസെഫ് മുൻകൈ എടുത്ത് ഇറങ്ങിയിരിക്കുന്നത്.ഇതിന്റെ അംബാസിഡറായ ലയണൽ മെസ്സിയും ഇതിൽ പങ്കാളിയായിട്ടുണ്ട്.

എന്റെ ഹൃദയം അവരോടൊപ്പമാണ്, നിങ്ങളുടെ സഹായങ്ങൾ ഓരോന്നും വലിയ മൂല്യമേറിയതാണ്,തുർക്കിയിലെ ആയിരക്കണക്കിന് കുട്ടികളുടെ കാര്യത്തിൽ വളരെയധികം സങ്കടമുണ്ട്,കുട്ടികളെ സംരക്ഷിക്കാൻ വേണ്ടി യുനിസഫ് സജീവമായി രംഗത്തുണ്ട് എന്നൊക്കെയാണ് ഇപ്പോൾ ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്.ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി ലോകത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഇതിലൂടെ മെസ്സി ചെയ്തിരിക്കുന്നത്.

ഏകദേശം 30000 ത്തോളം പേർക്ക് സ്വജീവൻ നഷ്ടമായി എന്നാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ.വളരെയധികം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് തുർക്കിയും സിറിയയും പോയിക്കൊണ്ടിരിക്കുന്നത്.ഇവരെ സഹായിക്കാൻ വേണ്ടി ഫുട്ബോൾ ലോകം ഇപ്പോൾ കൈകോർത്തിട്ടുണ്ട്.

Rate this post