സാവിയുടെ ബാഴ്സലോണയിൽ ഒരു പ്രധാന മാറ്റമുണ്ടായിട്ടുണ്ട്, വിയ്യാറയൽ പരിശീലകൻ പറയുന്നു
കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ വിയ്യാറയലിനെ ഒരു ഗോളിന് കീഴടക്കിയതോടെ ലാ ലിഗ കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിലാണ് ബാഴ്സലോണയുള്ളത്. സാവിയുടെ കീഴിൽ ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബാഴ്സലോണ കഴിഞ്ഞ പതിനൊന്നു മത്സരങ്ങളിലും വിജയം നേടി മികച്ച കുതിപ്പാണ് കാഴ്ച വെക്കുന്നത്.
മുൻ ബാഴ്സലോണ പരിശീലകനായ ക്വിക്കെ സെറ്റിയനാണ് ഇപ്പോൾ വിയ്യാറയലിന്റെ പരിശീലകൻ. ഏർണെസ്റ്റോ വാൽവെർദെയെ പുറത്താക്കിയതിനു ശേഷം ഏതാനും മാസങ്ങൾ അദ്ദേഹം ബാഴ്സലോണ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം അദ്ദേഹം ടീമിന്റെ പരാജയത്തെ കുറിച്ചും ബാഴ്സലോണയിൽ വന്ന മാറ്റത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
“കോക്വലിൻ ഉണ്ടായിരുന്നെങ്കിൽ താരത്തെയും ഞങ്ങൾക്ക് മധ്യനിരയിൽ കളിപ്പിക്കാമായിരുന്നു. ബാഴ്സലോണ നാല് മധ്യനിര താരങ്ങളുമായാണ് കളിക്കുകയെന്ന ഉറപ്പില്ലായിരുന്നു. അങ്ങിനെയാണെങ്കിൽ അവർക്കൊപ്പമെത്താൻ അത് ഗുണം ചെയ്തേനെ. കോക്വലിന്റെ അഭാവം ഞങ്ങൾക്ക് തിരിച്ചടി നൽകി. ടീമിനെ ഒരുപാട് സഹായിക്കുന്ന താരമായിരുന്നു അദ്ദേഹം.” സെറ്റിയൻ പറഞ്ഞു.
“മത്സരത്തിൽ ഞങ്ങൾ തീരെ മോശമായിരുന്നില്ല, പക്ഷെ ഇപ്പോഴത്തെ ബാഴ്സലോണ ടീം വളരെ മികച്ചതാണെന്നതിൽ സംശയമില്ല. അവരുടെ നീക്കങ്ങൾക്ക് കൂടുതൽ വേഗത വന്നിരിക്കുന്നു. ബാഴ്സലോണ ടീം മുമ്പത്തേതിൽ നിന്നും പല കാര്യങ്ങളിലും മാറിയിട്ടുണ്ട്. പന്ത് കൈവശമില്ലാത്തപ്പോൾ കളിക്കുന്ന രീതിയാണ് പ്രധാനമായും മാറിയത്, ആ സമയത്ത് കടുത്ത സമ്മർദ്ദം ബാഴ്സലോണ എതിരാളികൾക്ക് മേൽ പ്രയോഗിക്കുന്നു.” അദ്ദേഹം ടീമിനെക്കുറിച്ച് പറഞ്ഞു.
Setien🗣: Something has changed a lot in Barcelona, they play more without the ball with high pressure and intensity. pic.twitter.com/olQr9FR83q
— FCB Albiceleste (@FCBAlbiceleste) February 12, 2023
ബയേൺ മ്യൂണിക്കിനെതിരെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി വഴങ്ങി പുറത്തു പോയതിനു ശേഷം പിന്നീട് ഒരു മത്സരത്തിൽ പോലും സാവിയുടെ ബാഴ്സലോണ തോൽവി വഴങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനിടയിൽ സ്പാനിഷ് സൂപ്പർകപ്പ് ടീം നേടിയിരുന്നു. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന ടീമിന് ആത്മവിശ്വാസമാണ് ഈ വിജയം.