ലയണൽ മെസിയെ തടുക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി ബയേൺ പരിശീലകൻ |Lionel Messi

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മടങ്ങിയെത്തുമ്പോൾ പ്രീ ക്വാർട്ടറിലെ വമ്പൻ പോരാട്ടങ്ങളിലൊന്നിൽ ഏറ്റുമുട്ടുന്ന രണ്ടു ടീമുകൾ പിഎസ്‌ജിയും ബയേൺ മ്യൂണിക്കുമാണ്. ഇതിനു മുൻപ് 2020ൽ നടന്ന ചാമ്പ്യൻസ് ലീഗിൽ ഈ രണ്ടു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ പിഎസ്‌ജിയുടെ ആദ്യത്തെ യൂറോപ്യൻ കിരീടനേട്ടമെന്ന സ്വപ്‌നം ബയേൺ മ്യൂണിക്ക് തകർത്തിരുന്നു.

അന്നത്തെ ഫൈനലിൽ നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങളെയാണ് ബയേൺ മ്യൂണിക്ക് നേരിട്ടതെങ്കിൽ ഇന്നവർക്കൊപ്പം ലയണൽ മെസിയുമുണ്ട്. ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തി അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത താരം പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിച്ചില്ലെങ്കിലും ബയേണിനെതിരെ ഇറങ്ങും. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മെസിയടക്കമുള്ള പിഎസ്‌ജിയെ തടുക്കാനുള്ള പദ്ധതിയെക്കുറിച്ച് ബയേൺ പരിശീലകൻ സംസാരിച്ചു.

“ഒരു ടീമെന്ന നിലയിൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. താരത്തിലേക്കുള്ള പാസുകൾ കൃത്യമായി തടുക്കണം, അതുപോലെ തന്നെ നെയ്‌മർ, എംബാപ്പെ എന്നിവരിലേക്കുള്ളതും. വളരെ വേഗതയുള്ള ഫുൾ ബാക്കുകളാണ് പിഎസ്‌ജി ടീമിലുള്ളത്, അതിനു പുറമെ മികച്ച കഴിവുകളുള്ള നിരവധി താരങ്ങളും പിഎസ്‌ജി ടീമിൽ കളിക്കുന്നുണ്ട്.” ബയേൺ പരിശീലകൻ നെഗൽസ്‌മാൻ പറഞ്ഞു.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ എട്ടു ഗോളുകളിൽ മെസി പങ്കാളിയായിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം സീസണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഫോം വീണ്ടെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതിനിടയിൽ പരിക്ക് കാരണം കഴിഞ്ഞ മത്സരം മെസിക്ക് നഷ്‌ടമാവുകയും ചെയ്‌തു. ബയേൺ മ്യൂണിക്കിനെതിരെ മികച്ച പ്രകടനം നടത്തിയാൽ മെസിക്കതു കൂടുതൽ ആത്മവിശ്വാസം നൽകും.

നേരത്തെ പരിക്കിന്റെ പിടിയിൽ നിരവധി താരങ്ങൾ ഉണ്ടായിരുന്നെങ്കിലും എംബാപ്പെ അടക്കം എല്ലാവരും സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റെ കാര്യത്തിൽ പിഎസ്‌ജി ഒരു സാഹസത്തിനു മുതിരാൻ സാധ്യതയില്ല. മത്സരത്തിൽ പകരക്കാരനായാവും എംബാപ്പെ ഇറങ്ങുന്നുണ്ടാവുക.

Rate this post