❛ലയണൽ മെസ്സി പാരിസിൽ കരാർ പുതുക്കുന്നതിൽ പ്രശ്നങ്ങളുണ്ട്, ബാഴ്സലോണയിൽ തിരിച്ചെത്താൻ ഇനി സാധ്യതയില്ല❜
ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ലോക ഫുട്ബോളിൽ സജീവമായി പുറത്തേക്ക് വരുന്നുണ്ട്.മെസ്സിയുടെ ക്യാമ്പും പിഎസ്ജി ക്യാമ്പും തമ്മിൽ ഒരു ചർച്ച കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തിയിരുന്നു.പക്ഷേ ഈ ചർച്ചകൊണ്ട് യാതൊരു ഫലവും ഉണ്ടായില്ല.അതുകൊണ്ടുതന്നെ വീണ്ടും ഒരു മീറ്റിംഗ് ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.ആ മീറ്റിംഗിൽ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ കഴിയുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഫ്രഞ്ച് മീഡിയാസ് തന്നെ ഇതുമായി ബന്ധപ്പെട്ട പല വാർത്തകളും പുറത്തേക്ക് വിടുന്നുണ്ട്.മെസ്സി സമ്മറിൽ പിഎസ്ജി വിട്ടേക്കുമെന്നും അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിലേക്ക് പോകും എന്നുമാണ് ചിലർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എന്നാൽ എഫ്സി ബാഴ്സലോണയിലേക്ക് എത്താൻ സാധ്യതയുണ്ട് എന്നുള്ള കാര്യം സൂചിപ്പിക്കുന്നുണ്ട്.ഏതായാലും ലയണൽ മെസ്സി പിഎസ്ജിയിൽ പൂർണ്ണമായും സന്തോഷവാനല്ല എന്നുള്ള കാര്യം ഒട്ടുമിക്ക മാധ്യമങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇതേക്കുറിച്ച് ലയണൽ മെസ്സിയുടെ പിതാവായ ജോർഹെ മെസ്സിയോട് അന്വേഷിച്ചിരുന്നു.മെസ്സി അടുത്ത സീസണിൽ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമോ എന്നായിരുന്നു മാധ്യമപ്രവർത്തകർക്ക് അറിയേണ്ടിയിരുന്നത്. പക്ഷേ ഇത്തരത്തിലുള്ള യാതൊരുവിധ സാധ്യതകളും മെസ്സിയുടെ പിതാവും ഏജന്റുമായ ഇദ്ദേഹം കാണുന്നില്ല.ബാഴ്സയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ട് പോലുമില്ല എന്നാണ് ഇദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ പിതാവും പിഎസ്ജി പ്രതിനിധികളും ഏറ്റവും പുതുതായി നടത്തിയ ചർച്ചയിൽ യാതൊരുവിധ തീരുമാനങ്ങളും എടുക്കാൻ കഴിഞ്ഞിരുന്നില്ല. മെസ്സി ഇതുവരെ ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല.അതുകൊണ്ടുതന്നെ വീണ്ടും ഒരു മീറ്റിംഗ് ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ മീറ്റിങ്ങിനു ശേഷം മെസ്സിയുടെ പിതാവായ ജോർഹെ മെസ്സി ബാഴ്സലോണ നഗരത്തിൽ മടങ്ങിയെത്തിയിരുന്നു.
🗣️🚨 Jorge Messi: “Impossible? No idea, I don’t know if it’s gonna be impossible. We didn’t even speak with Laporta, stop. Leo’s under contract with PSG.” @FabrizioRomano
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 16, 2023
ഈ സമയത്ത് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് മെസ്സിയെക്കുറിച്ച് ചോദിച്ചിരുന്നു.അതായത് ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമോ എന്നായിരുന്നു ചോദ്യം. ബാഴ്സ ആരാധകർക്ക് നിരാശ നൽകുന്ന ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്.മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന് താൻ കരുതുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് കൂടിയായ ജോർഹെ മെസ്സി പറഞ്ഞിട്ടുള്ളത്.
‘ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന് ഞാൻ കരുതുന്നില്ല.ഇപ്പോഴത്തെ സാഹചര്യങ്ങൾ അതിന് അനുകൂലമല്ല.ഞങ്ങൾ ബാഴ്സ പ്രസിഡണ്ടായ ലാപോർട്ടയുമായി ഇതുമായി ബന്ധപ്പെട്ട ഒന്നും തന്നെ സംസാരിച്ചിട്ടില്ല.ബാഴ്സയിൽ നിന്നും ഒരു ഓഫറുകളും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തൽ ഇനി അസാധ്യമാണ് എന്നുള്ളതിനെ കുറിച്ച് എനിക്ക് യാതൊരുവിധ ഐഡിയയുമില്ല.അത് അസാധ്യമാണോ എന്നെനിക്കറിയില്ല.ഞങ്ങൾ ബാഴ്സ അധികൃതരുമായി സംസാരിച്ചിട്ട് പോലുമില്ല.നമുക്ക് ഇതേക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കാം.എന്തെന്നാൽ മെസ്സി ഇപ്പോൾ പിഎസ്ജി താരമാണ് ‘ജോർഹെ മെസ്സി പറഞ്ഞു.
മെസ്സി ബാഴ്സയിലേക്ക് ഉടൻ തിരിച്ചെത്താൻ സാധ്യതയില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.പക്ഷേ അസാധ്യമാണെന്ന് ഇദ്ദേഹം തീർത്തും പറയുന്നില്ല.ബാഴ്സയിൽ നിന്നും ഓഫറുകൾ ഒന്നും ലഭിക്കാത്ത പക്ഷം കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്.മെസ്സി പിഎസ്ജി വിടേണ്ടി വരികയാണെങ്കിൽ അദ്ദേഹം MLSലേക്ക് പോവാനുള്ള സാധ്യതകൾ ഇതോടെ തെളിയുകയാണ്.