
പിഎസ്ജിയുടെ വിജയത്തിനു പിന്നാലെ ബാഴ്സലോണയിലെത്തി ലയണൽ മെസി |Lionel Messi
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം ലയണൽ മെസിയാണ് വാർത്തകളിൽ നിറയുന്നത്. എംബാപ്പെ രണ്ടു ഗോളുകൾ നേടി താരമായ മത്സരത്തിൽ പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തത് ലയണൽ മെസി നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളായിരുന്നു. തോൽവി പ്രതീക്ഷിച്ചിരുന്ന സമയത്ത് മെസിയുടെ മാസ്മരിക ഫ്രീകിക്ക് നൽകിയ വിജയം പിഎസ്ജി താരങ്ങൾ നന്നായി ആഘോഷിക്കുകയും ചെയ്തു.
ലയണൽ മെസിയുടെ ഗോൾ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ മതിമറന്നാഘോഷിച്ചത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. മത്സരത്തിൽ പിഎസ്ജി പൊരുതി നേടിയ വിജയം ഗാലട്ടിയറെ സംതൃപ്തനാക്കിയതിനാൽ ടീമിന് രണ്ടു ദിവസത്തെ അവധി അദ്ദേഹം അനുവദിച്ചു നൽകിയിട്ടുണ്ട്. താരങ്ങളുടെ മാനസികമായ പിരിമുറുക്കം കുറക്കാൻ വേണ്ടിയാണ് പരിശീലകൻ ഈ തീരുമാനമെടുത്തത്.

ബുധനാഴ്ച വരെ ഫ്രാൻസിൽ പരിശീലനം ആരംഭിക്കില്ലെന്നതിനാൽ ലയണൽ മെസി ഫ്രാൻസിൽ നിന്നും ബാഴ്സലോണയിലേക്കാണ് പോയത്. ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് മെസി ബാഴ്സലോണയിലേക്ക് വരുന്നത്. എന്നാൽ ബാഴ്സലോണ ക്ലബുമായി യാതൊരു വിധ ചർച്ചകൾക്കുമല്ല താരം വന്നിരിക്കുന്നതെന്ന് വ്യക്തമാണ്. ബാഴ്സയിലെ വീട്ടിൽ കുടുംബത്തോടൊപ്പം താരം സമയം ചിലവഴിക്കും.
Lionel Messi has landed in Barcelona. PSG don't play until next Sunday.pic.twitter.com/tSpYBb0tKk
— Roy Nemer (@RoyNemer) February 19, 2023
ലയണൽ മെസി ബാഴ്സലോണ ക്ലബ്ബിലേക്ക് മടങ്ങി വരാൻ യാതൊരു സാധ്യതകളും ഇല്ലെന്നാണ് എല്ലാവരും വ്യക്തമാക്കുന്നതെങ്കിലും ആരാധകർ ഇപ്പോഴും പ്രതീക്ഷയിൽ തന്നെയാണ്. പിഎസ്ജിയുമായി മെസി ഇതുവരെ കരാർ പുതുക്കിയിട്ടില്ലെന്നതിനാൽ അതിനുള്ള സാധ്യത കൂടുതലാണെന്ന് അവർ കരുതുന്നു. എന്നാൽ മെസി ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ തുടരുന്നുണ്ടെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.