ഗോൾകീപ്പർമാരുടെ വമ്പൻ പിഴവുകൾ, എതിർടീമിനു അസിസ്റ്റുകൾ നൽകി അലിസണും ക്വാർട്ടുവയും
യുവേഫ ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് തെളിയിച്ചതാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയത്. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം അഞ്ചു ഗോളുകൾ തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ വിജയം നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ പ്രവേശനം റയൽ മാഡ്രിഡ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
മത്സരത്തിൽ ഡാർവിൻ നുനസും മൊഹമ്മദ് സലായും പതിനാലു മിനുട്ടിൽ രണ്ടു ഗോളുകൾ നേടിയതിനു ശേഷമാണ് റയൽ മാഡ്രിഡ് അഞ്ചു ഗോളുകൾ തിരിച്ചടിച്ചത്. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും കരിം ബെൻസിമയും ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മിലിറ്റാവോയുടെ വകയായിരുന്നു. അതിനൊപ്പം തന്നെ ഗോൾകീപ്പർമാരുടെ വമ്പൻ പിഴവുകൾ കൊണ്ടും മത്സരം ശ്രദ്ധിക്കപ്പെട്ടു.
മത്സരത്തിൽ രണ്ടു ടീമിന്റെയും ഗോൾകീപ്പർമാർ സമാനമായ പിഴവുകൾ വരുത്തിയിരുന്നു. പതിനാലാം മിനുട്ടിൽ ഒരു റയൽ മാഡ്രിഡ് പ്രതിരോധതാരം നൽകിയ പന്ത് ഒതുക്കി നിർത്താനുള്ള ക്വാർട്ടുവയുടെ ശ്രമം പിഴച്ചപ്പോൾ പന്ത് ലഭിച്ചത് മൊഹമ്മദ് സലാക്കായിരുന്നു. താരം ഉടനെ തന്നെ അത് വലയിലേക്ക് തട്ടിയിട്ട് ലിവർപൂളിന്റെ രണ്ടാമത്തെ ഗോൾ കുറിച്ചു.
First Courtois now Alisson tf is happening 😭 pic.twitter.com/V68nmiqvDQ
— Rick (@RickFCB_) February 21, 2023
റയൽ മാഡ്രിഡിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഗോൾ അലിസണിന്റെ അബദ്ധത്തിൽ നിന്നാണ് പിറന്നത്. ലിവർപൂൾ താരം ബാക്ക് പാസ് നൽകിയ പന്ത് അടിച്ചകറ്റാൻ അലിസൺ ശ്രമിച്ചപ്പോൾ അത് വിനീഷ്യസിന്റെ ദേഹത്ത് കൊണ്ട് വലയിലേക്ക് കയറി. ആ ഗോൾ നൽകിയ ഊർജ്ജത്തിൽ നിന്നാണ് റയൽ മാഡ്രിഡ് പിന്നീട് നാല് ഗോളുകൾ കൂടി നേടിയത്.
Courtois just did a Donnarumma 😩😭 pic.twitter.com/URIbEepRz7
— Judie Makki (@judiemakki) February 21, 2023
മത്സരത്തിൽ വമ്പൻ വിജയം നേടിയതോടെ റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. അടുത്ത മത്സരം സ്വന്തം മൈതാനത്തു വെച്ച് നടക്കുന്നതിനാൽ റയലിന് ആത്മവിശ്വാസത്തോടെ കളിക്കാം. അതേസമയം ഈ സീസണിൽ മോശം ഫോമിൽ മുന്നോട്ടു പോകുന്ന ലിവർപൂളിനെ സംബന്ധിച്ച് കൂടുതൽ തിരിച്ചടി നൽകിയ തോൽവിയാണു റയൽ മാഡ്രിഡ് നൽകിയത്.