മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധ കാക്കുന്ന ഫ്രഞ്ച് കരുത്തൻ :റാഫേൽ വരാനെ |Raphael Varane

യൂറോപ്പ ലീഗ് പ്ലെ ഓഫിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് യുണൈറ്റഡ് രണ്ടു ഗോളിന്റെ മിന്നുന്ന ജയം നേടിയത്.

ഓൾഡ് ട്രാഫോർഡിൽ മാൻ യുണൈറ്റഡിന്റെ അവിശ്വസനീയമായ 4-3 അഗ്രഗേറ്റ് വിജയത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് പ്രതിരോധ താരം റാഫേൽ വരാനെ. മത്സരത്തിന്റെ 18 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് ബാഴ്സ താരത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ലെവെൻഡോസ്‌കി സ്പാനിഷ് ക്ലബ്ബിനെ മുന്നിലെത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാഗ്രാന പൂർണ നിയന്ത്രണത്തിലാണെന്ന് തോന്നി. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്തി കളി യുണൈറ്റഡിന് അനുകൂലമാക്കി.ഹാഫ് ടൈമിൽ വൗട്ട് വെഗോർസ്റ്റിന് പകരമായി ബ്രസീലിയൻ താരം ആന്റണി ഇറങ്ങി.

47-ാം മിനിറ്റിൽ ഫ്രെഡിന്റെ മികച്ച ഫിനിഷിലൂടെ യുണൈറ്റഡ് സമനില നേടി.ബ്രൂണോയുടെ പാസിൽ നിന്നാണ് ഫ്രെഡ് ഗോൾ നേടിയത്.72ആം മിനുട്ടിൽ ആന്റണിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഗർനാചോയുടെയും ഫ്രെഡിന്റെയും ഷോട്ടുകൾ ബാഴ്സലോണ ഡിഫൻസ് ബ്ലോക്ക് ചെയ്തു എങ്കിലും പിന്നാലെ വന്ന ആന്റണിയുടെ ഷോട്ട് ടെർ സ്റ്റേഗനെ കീഴ്പ്പെടുത്തി.അഗ്രിഗേറ്റിൽ യുണൈറ്റഡ് 4-3 നു മുന്നിലെത്തി.ഒരു സമനില ഗോളിനായി ബാഴ്‌സ നോക്കിയപ്പോൾ യുണൈറ്റഡ് കളിയുടെ അവസാനത്തിൽ കടുത്ത സമ്മർദ്ദത്തിലായി. ഇഞ്ചുറി ടൈമിൽ റാഫേൽ വരാനെ നടത്തിയ ഗോൾ ലൈൻ ക്ലിയറൻസ് യുണൈറ്റഡിനെ ജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

മത്സരത്തിൽ വരാനെ മൂന്ന് ക്ലിയറൻസുകളും രണ്ട് ഇന്റർസെപ്ഷനുകളും നടത്തുകയും രണ്ട് ഏരിയൽ ഡ്യുവലുകളും നേടി.43 ടച്ചുകളും 79% പാസ് കൃത്യതയും ഫ്രഞ്ച് താരത്തിനുണ്ടായിരുന്നു.അഞ്ച് ലോംഗ് ബോളിൽ രണ്ടെണ്ണം കണക്റ്റ് ചെയ്യുകയും ചെയ്തു. ബാഴ്സയെപോലെയുള്ള പോലുള്ള ഗുണനിലവാരമുള്ള ടീമിനെതിരെ വരാനെയുടെ അനുഭവം തുടക്കം മുതൽ യുണൈറ്റഡിന് മുൻ‌തൂക്കം നൽകി.യുണൈറ്റഡിന്റെ പ്രതിരോധത്തിന്റെ ഹൃദയഭാഗത്ത് അദ്ദേഹം ശാന്തമായി നിലകൊണ്ടു.ലിസാൻഡ്രോ മാർട്ടിനെസുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം ലോകോത്തരം തന്നെയാണ്.

ഈ സീസണിൽ എറിക് ടെൻ ഹാഗിന്റെ ടീം ഇപ്പോഴും ആദ്യ നാളിൽ നിൽക്കുന്നതിൽ ഒരു വലിയ കാരണമാണ് ഇവരുടെ കൂട്ടുകെട്ട്.കഴിഞ്ഞ എട്ട് വർഷമായി ഇതിഹാസ ജോഡികളായ റിയോ ഫെർഡിനാൻഡിന്റെയും നെമാഞ്ച വിഡിച്ചിന്റെയും പകരക്കാരെ തേടിയുള്ള യാത്രയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. വരാനെയിലൂടെയും മാർട്ടിനെസിലൂടെയും അവർക്ക് അത് ലഭിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് -സെർബ് കൂട്ടുകെട്ട് തീയേറ്റർ ഓഫ് ഡ്രീംസിൽ നിന്ന് പോയതുമുതൽ,നിരവധി സെന്റർ ബാക്കുകൾ അവരുടെ സിംഹാസനത്തിന്റെ അവകാശിയാകാൻ എത്തിയെങ്കിലും ആർക്കും അത് സാധിച്ചില്ല.എന്നാൽ ഫ്രഞ്ച് -അര്ജന്റീന ജോഡി ഇവരുടെ യോജിച്ച പകരക്കാർ ആണെന്ന് കുറഞ്ഞ മത്സരങ്ങൾകൊണ്ട് തെളിയിച്ചിരിക്കുമായാണ്.

ഇവർ തമ്മിലുള്ള ധാരണയും പങ്കാളിത്തവും ഓരോ കളി കഴിയുന്തോറും കൂടുതൽ ശക്തമാകുന്നതായി കാണുന്നു.വരാനെയും മാർട്ടിനെസിനും ഫിറ്റായി തുടരാൻ കഴിയുമെങ്കിൽ യുണൈറ്റഡിൽ നിന്നും ഈ സീസണിൽ പലതും പ്രതീക്ഷിക്കാം. യൂറോപ്പ ലീഗിന്റെ അടുത്ത റൗണ്ടിൽ ഈ സ്ഥാനം നേടിയ യുണൈറ്റഡ് ഞായറാഴ്ച വെംബ്ലിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ കാരബാവോ കപ്പ് ഫൈനലിൽ നേരിടും.

Rate this post