ഫിഫ ബെസ്റ്റ്: ഫുട്ബോൾ ലോകത്തിന്റെ കൈയ്യടി നേടിയത് ഏറ്റവും മികച്ച ഗോളിന് നേടിയ പുഷ്കാസ് അവാർഡ്
ഫിഫ ബെസ്റ്റ് അവാർഡ്സിൽ പ്രഖ്യാപിക്കുന്ന മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് സ്വന്തമാക്കിയത് ഭിന്നശേഷിക്കാരനായ ഫുട്ബോൾ താരം. പുരുഷ, വനിതാ ഫുട്ബോളിൽ പിറന്ന ഏറ്റവും മികച്ച ഗോളിനാണ് പുരസ്കാരം നൽകുക. ദിമിത്രി പയറ്റിന്റെ ഗോളിനെയും ലോകകപ്പിൽ റിച്ചാർലിസോൺ നേടിയ ഗോളിനെയും മറികടന്നാണ് പോളിഷ് താരമായ മാർസിൻ ഓലെസ്കി ഈ നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ നവംബറിൽ വാർട്ട പോസ്നാണു വേണ്ടിയാണ് മാർസിൻ ഓലെസ്കി ഗോൾ സ്വന്തമാക്കിയത്. സഹതാരം ഉയർത്തി നൽകിയ ക്രോസ് വലതു കാലിൽ ക്രെച്ചസിൽ നിന്നുകൊണ്ട് താരം ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. രണ്ടു കാലുള്ള താരങ്ങൾക്ക് പോലും എപ്പോഴും സാധിക്കാത്ത ഗോളാണ് താരം പോളിഷ് താരം നേടിയത്.
പോളണ്ട് താരത്തിന്റെ ഗോളിന് അർഹിച്ച പുരസ്കാരം തന്നെയാണ് ഫിഫ ബെസ്റ്റ് അവാർഡ്സിൽ ലഭിച്ചത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, നെയ്മർ എന്നിങ്ങളെ മുൻപ് ഈ പുരസ്ക്കാരം നേടിയിട്ടുള്ള താരങ്ങൾക്കൊപ്പം തന്റെ പേരും ചേർത്ത് വെക്കാൻ മാർസിൻ ഒലെസ്കിക്ക് കഴിഞ്ഞു. ഭിന്നശേഷിക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഈ നേട്ടം.
🚨🇵🇱 𝐎𝐅𝐅𝐈𝐂𝐈𝐀𝐋: This goal from Marcin Oleksy has won the FIFA Puskas 2022 award! pic.twitter.com/X1eTS6Js2u
— EuroFoot (@eurofootcom) February 27, 2023
തന്റെ സഹതാരമായ ഡേവിഡ് നോവാക്കാണ് ആ പാസ് നൽകിയതെന്നും അത് മികച്ച രീതിയിൽ ഗോളിലേക്ക് തിരിച്ചു വിടാൻ കഴിഞ്ഞുവെന്നും പറഞ്ഞ ഓലെസ്കി അത്തരമൊരു ഗോൾ നേടാൻ തനിക്ക് വളരെക്കാലമായി ആഗ്രഹം ഉണ്ടായിരുന്നുവെന്നും പറഞ്ഞു. ആ ഗോൾ നേടിയപ്പോൾ തന്നെ തനിക്ക് വളരെ അഭിമാനം തോന്നിയെന്നും താരം പുരസ്കാരം നേടിയതിനു ശേഷം വെളിപ്പെടുത്തി.