തന്റെ ആരാധനാപാത്രങ്ങളെ ചോദിച്ചപ്പോൾ കണ്ണീരണിഞ്ഞ് എമിലിയാനൊ നൽകിയ മറുപടിയിൽ കൈയ്യടിച്ചു ഫുട്ബോൾ ലോകം..

ഖത്തർ ലോകകപ്പിന് ശേഷം എംബാപ്പയെ കളിയാക്കിയതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരമാണ് അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്. എന്നാൽ അർജന്റീന രണ്ടു വർഷത്തിനുള്ളിൽ സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം താരത്തിന് വലിയ പങ്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അർജന്റീന ആരാധകരുടെ കണ്ണിലുണ്ണിയാണ് എമിലിയാനോ.

കഴിഞ്ഞ ദിവസം ഫിഫ അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് എമിലിയാനോ മാർട്ടിനസ് ആയിരുന്നു. ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്. അതിനു പിന്നാലെ താരം നടത്തിയ പ്രസംഗം വളരെ വൈകാരികവും ആരാധകരുടെ മനസ്സിൽ തൊടുന്നതുമായിരുന്നു.

“ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്റെ ആരാധനാപാത്രങ്ങൾ ആരാണെന്ന് അവർ ചോദിച്ചിരുന്നു. എട്ടും ഒൻപതും മണിക്കൂറുകൾ എന്റെ അമ്മ ബിൽഡിങ്ങുകൾ വൃത്തിയാക്കുന്നതും എന്റെ അച്ഛൻ ജോലികൾ ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ട്, അവരാണ് എന്റെ ആരാധനാപാത്രങ്ങൾ.” കണ്ണീരോടെ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ എമിലിയാനോ മാർട്ടിനസ് എതിരാളികളെ പ്രകോപിക്കാനും കളിയാക്കാനും മുന്നിൽ നിൽക്കുന്ന താരമാണ്. അതുകൊണ്ടു തന്നെ താരത്തിൽ നിന്നും ഇത്തരത്തിലുള്ള വൈകാരികമായ പ്രസംഗം വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. താരത്തിന് വലിയ പിന്തുണയാണ് ആരാധകർ അതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ നൽകിയത്.

എമിലിയാനോ മാർട്ടിനസിനെ സംബന്ധിച്ച് മികച്ച രണ്ടു വർഷങ്ങളാണ് കടന്നു പോയത്. 2021ൽ മാത്രമാണ് താരം അർജന്റീന ടീമിനായി ആദ്യമായി വല കാക്കുന്നത്. രണ്ടു വർഷത്തിനിപ്പുറം മൂന്നു പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ താരം ഇപ്പോൾ ഫിഫയുടെ മികച്ച ഗോളിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി ലോകത്തിന്റെ നെറുകയിൽ നിൽക്കുകയാണ്.

4.2/5 - (11 votes)