വോട്ടെല്ലാം സുഹൃത്തുകൾക്ക്, അവാർഡുകളേക്കാൾ വലുതാണ് സൗഹൃദമെന്നു തെളിയിച്ച് ലയണൽ മെസി
ഫിഫ ബെസ്റ്റ് അവാർഡ്സ് ഇന്ന് പുലർച്ചെ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിയാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഫിഫ ബെസ്റ്റ് അവാർഡ്സ് തനിയെ ഒരു പുരസ്കാരമാക്കി മാറ്റിയതിനു ശേഷം മെസി രണ്ടാം തവണയാണ് ഇത് നേടുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച പ്രകടനം പുരസ്കാരം നേടാൻ മെസിയെ തുണച്ചു.
ദേശീയ ടീമിന്റെ നായകൻമാർക്കും പരിശീലകർക്കും അവാർഡിനായി വോട്ട് ചെയ്യാം. ഈ വോട്ടുകളും അതിനു ശേഷം ഫിഫയുടെ പാനലും ചേർന്നാണ് അന്തിമ വിജയിയെ തീരുമാനിക്കുക. അതുകൊണ്ടു തന്നെ ലയണൽ മെസിയും അർജന്റീന പരിശീലകനായ ലയണൽ സ്കലോണിയും ആർക്കാണ് തങ്ങളുടെ വോട്ടുകൾ നൽകിയതെന്ന ചോദ്യം ഉയർന്നിരുന്നു.
തന്റെ സഹതാരങ്ങൾക്കാണ് മെസി ഫിഫ ബെസ്റ്റ് അവാർഡ്സിൽ വോട്ടുകൾ നൽകിയത്. ആദ്യത്തെ വോട്ട് അടുത്ത സുഹൃത്തും പിഎസ്ജി സഹതാരവുമായി നെയ്മർക്ക് നൽകിയ ലയണൽ മെസി രണ്ടാമത്തെ വോട്ട് പിഎസ്ജിയിലെ തന്നെ സഹതാരമായ എംബാപ്പെക്ക് നൽകി. അതിനു ശേഷം മൂന്നാമത്തെ വോട്ട് റയൽ മാഡ്രിഡ് താരം കരിം ബെൻസിമക്കും താരം നൽകി.
പൊതുവെ തന്റെ വോട്ടുകൾ സുഹൃത്തുകൾക്ക് നൽകുകയെന്നതാണ് മെസിയുടെ പതിവ് രീതി. ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തെക്കാൾ മെസി പരിഗണിക്കുക തന്റെ സുഹൃത്തുക്കളെയോ സഹതാരങ്ങളെയോ ആയിരിക്കും. ഈ വോട്ടിങ്ങിലൂടെയും അതെ രീതി തന്നെയാണ് ലയണൽ മെസി പിന്തുടർന്നിരിക്കുന്നത്.
Messi's vote for the best awards :
— Ney (@Neycromancer) February 27, 2023
Neymar Jr
Kylian Mbappe
Karim Benzema pic.twitter.com/ziyfapkht3
അതേസമയം അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ ആദ്യത്തെ രണ്ടു വോട്ടുകളും അർജന്റീന താരങ്ങൾക്കാണ്. ആദ്യത്തെ വോട്ട് ലയണൽ മെസിക്ക് നൽകിയ സ്കലോണി രണ്ടാമത്തെ വോട്ട് ഹൂലിയൻ അൽവാരസിനും നൽകി. മൂന്നാമത്തെ വോട്ട് റയൽ മാഡ്രിഡിനും ക്രൊയേഷ്യക്കും വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ മോഡ്രിച്ചിനും സ്കലോണി നൽകി.