മെസ്സിക്ക് വോട്ട് നൽകിയ റയൽ മാഡ്രിഡ് താരത്തെ വളഞ്ഞിട്ട് ആക്രമിച്ച് ആരാധകർ

ഫിഫ ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിയും അർജന്റീനയും തിളങ്ങി നിൽക്കുകയാണ്. ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് മെസിക്ക് ലഭിച്ചപ്പോൾ ലയണൽ സ്‌കലോണി മികച്ച പരിശീലകനായും എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. അർജന്റീന ആരാധകർക്ക് ലോകകപ്പിന് ശേഷം ആഘോഷം നൽകിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

അതിനിടയിൽ ലയണൽ മെസിക്ക് വോട്ട് ചെയ്‌തതിന്റെ പേരിൽ പണി കിട്ടിയിരിക്കുകയാണ്‌ റയൽ മാഡ്രിഡ് താരമായ ഡേവിഡ് അലബക്ക്. ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ദേശീയ ടീമിന്റെ നായകന്മാർക്കും പരിശീലകർക്കും വോട്ടു ചെയ്യാൻ അവസരമുണ്ടെന്നിരിക്കെ ഓസ്ട്രിയൻ ടീമിന്റെ നായകനായ താരം ചെയ്‌ത വോട്ടാണ് ആരാധകരുടെ രോഷത്തിനു കാരണമായിരിക്കുന്നത്.

റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമ പുരസ്‌കാരം നേടാൻ സാധ്യതയുണ്ടായിരുന്ന കളിക്കാരനായിരുന്നിട്ടു കൂടി അലബയുടെ ആദ്യത്തെ വോട്ട് താരത്തിന് ലഭിച്ചില്ലെന്നതാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ആദ്യത്തെ വോട്ട് ലയണൽ മെസിക്ക് നൽകിയ അലബ രണ്ടാമത്തെ വോട്ടാണ് ബെൻസിമക്ക് നൽകിയത്. മൂന്നാമത്തെ വോട്ട് എംബാപ്പെക്കും താരം നൽകി.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഓസ്ട്രിയൻ താരം രംഗത്തു വന്നിട്ടുണ്ട്. ഓസ്ട്രിയൻ ഫുട്ബോൾ ടീം കൗൺസിലിൽ ഉള്ള എല്ലാവരും വോട്ടു ചെയ്‌തെടുത്ത തീരുമാനമാണ് അതെന്നും താൻ ഒറ്റക്കല്ല വോട്ട് ചെയ്‌തതെന്നും താരം പറയുന്നു. ബെൻസിമയോടെ തനിക്കുള്ള ബഹുമാനം താരത്തിന് തന്നെ അറിയുന്നതാണെന്നും അലബ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം അലബാക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചില ഘട്ടങ്ങളിൽ വംശീയമായ അധിക്ഷേപമായി വരെ അത് മാറുകയുണ്ടായി. സംഭവത്തിൽ വിശദീകരണം നൽകിയെങ്കിലും അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് ആരാധകരുടെ രോഷം താരം കാണേണ്ടി വന്നാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ല.

3/5 - (2 votes)