എല്ലാ ചാമ്പ്യന്മാരെയും കീഴടക്കി, ചരിത്രത്തിലെ ഏറ്റവും മികച്ച അർജന്റീന ടീമാണിതെന്ന് ഡി പോൾ

ഖത്തർ ലോകകപ്പിൽ അർജന്റീന നേടിയ വിജയം ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ടീം പിന്നീട് നടന്ന മത്സരങ്ങളിൽ വലിയ വെല്ലുവിളികളെ അതിജീവിച്ചെങ്കിലും പൊരുതി വിജയം സ്വന്തമാക്കുകയായിരുന്നു.

മുപ്പത്തിയാറു വർഷത്തിന് ശേഷമാണ് അർജന്റീന ലോകകപ്പ് നേടുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന നേടുന്ന മൂന്നാമത്തെ കിരീടം കൂടിയായിരുന്നു ലോകകപ്പ്. അതിനു മുൻപ് 2021ലെ കോപ്പ അമേരിക്ക, 2022 ജൂണിൽ നടന്ന ഫൈനലൈസിമ എന്നീ കിരീടങ്ങൾ അർജന്റീന ആധികാരികമായി തന്നെ നേടിയിരുന്നു.

കോപ്പ അമേരിക്കയിൽ അർജന്റീന തോൽപ്പിച്ചത് അതിനു മുൻപത്തെ കോപ്പ അമേരിക്ക വിജയികളായ ബ്രസീലിനെയായിരുന്നു. അതിനു ശേഷം യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ കീഴടക്കി ഫൈനലൈസിമ സ്വന്തമാക്കിയ അർജന്റീന പിന്നാലെ കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ തോൽപ്പിച്ച് ലോകകപ്പും നേടി. അതുകൊണ്ടു തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച അർജന്റീന ടീമാണിതെന്നാണ് ഡി പോൾ പറയുന്നത്.

“നിലവിലെ എല്ലാ ചാമ്പ്യന്മാരെയും ഞങ്ങൾ കീഴടക്കുകയുണ്ടായി. സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീലിനെ ഞങ്ങൾ കീഴടക്കി, യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും ലോകചാമ്പ്യന്മാരായ ഫ്രാൻസും ഞങ്ങൾക്ക് മുന്നിൽ കീഴടങ്ങി. എല്ലാവരും എന്നോട് ക്ഷമിക്കണം, പക്ഷെ അർജന്റീനക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ടീമാണ് ഞങ്ങളുടേത്.” ഡി പോൾ പറഞ്ഞു.

ഡി പോളിന്റെ വാക്കുകൾ അതിശയോക്തിയായി തോന്നാമെങ്കിലും അത് പൂർണമായും തള്ളിക്കളയാൻ കഴിയാത്ത ഒന്നാണ്. അർജന്റീന കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുറത്തെടുത്ത പ്രകടനം അത് തെളിയിക്കുന്നു. ലോകത്തിലെ ഏതൊരു ടീമും ഭയക്കുന്ന ശക്തികളായി അർജന്റീന മാറിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Rate this post