ചെൽസി പരിശീലകന്റെ കാര്യത്തിൽ വലിയ ട്വിസ്റ്റ്, ഗ്രഹാം പോട്ടറിന്റെ സ്ഥാനത്തേക്ക് സിദാൻ വന്നേക്കും

തോമസ് ടുഷെലിനു പകരക്കാരനായി ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്ത ഗ്രഹാം പോട്ടറെ സംബന്ധിച്ച് ഇപ്പോൾ അത്ര നല്ല നാളുകളല്ല. ചെൽസി പരിശീലകസ്ഥാനം ഏറ്റെടുത്തതിന്റെ തുടക്കത്തിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ സാധിച്ചെങ്കിലും അതിൽ നിന്നും മോശം ഫോമിലേക്ക് വീണ ചെൽസിക്ക് ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയുമെന്ന പ്രതീക്ഷയില്ല.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മുന്നൂറു മില്യൺ പൗണ്ടിലധികം മുടക്കി വമ്പൻ താരങ്ങളെ ഒന്നൊന്നായി ടീമിലെത്തിച്ചിട്ടും നിലവിലെ ഫോമിൽ മാറ്റമുണ്ടാക്കാൻ ചെൽസിക്ക് കഴിഞ്ഞിട്ടില്ല. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ചെൽസി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകലിന്റെ വക്കിലാണ്.

ചെൽസി മോശം ഫോമിലായിട്ടും പോട്ടർക്ക് ക്ലബ് നേതൃത്വം പിന്തുണ നൽകിയിരുന്നെങ്കിലും അടുത്ത രണ്ടു മത്സരങ്ങൾ അദ്ദേഹത്തിന് നിർണായകമായിരിക്കും. ലീഡ്‌സിനെതിരെ നടക്കുന്ന ഹോം മത്സരത്തിലും ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ടീമിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ പോട്ടർക്ക് സ്ഥാനം നഷ്‌ടപ്പെടും.

സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു പരിശീലകരെയാണ് പോട്ടറെ പുറത്താക്കിയാൽ ചെൽസി പകരം നിയമിക്കാൻ ഉദ്ദേശിക്കുന്നത്. മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാൻ, മുൻ ബാഴ്‌സലോണ, സ്പെയിൻ പരിശീലകനായ ലൂയിസ് എൻറിക്വ എന്നിവരെയാണ് ചെൽസിയെ നയിക്കാൻ കണ്ടെത്തിയിരിക്കുന്നത്.

ചെൽസിയിൽ നിന്നും മുൻപേ എൻറിക്വക്ക് ഓഫർ വന്നിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചാണ് സ്പെയിൻ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. അതേസമയം സിദാനെയും പ്രീമിയർ ലീഗിലെ നിരവധി ക്ലബുകൾ സമീപിച്ചെങ്കിലും ഇംഗ്ലണ്ടിൽ പരിശീലിപ്പിക്കാൻ അദ്ദേഹത്തിനപ്പോൾ താൽപര്യമില്ലായിരുന്നു. എന്തായാലും അടുത്ത രണ്ടു മത്സരങ്ങൾ ഈ സീസണിൽ പോട്ടർക്ക് വളരെ നിർണായകമാണ്.