ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏജന്റിന്റെ വെളിപ്പെടുത്തൽ
കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് വിട്ട് എർലിങ് ഹാലാൻഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഗോളടിവീരന്മാരിൽ ഒരാളായ താരത്തെ റിലീസിംഗ് ക്ലോസ് പ്രകാരമുള്ള തുകയായ അറുപതു മില്യൺ യൂറോയോളം നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.
മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം മിന്നുന്ന പ്രകടനമാണ് താരം നടത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ നേടിയ ഗോളുകളുടെ എണ്ണം നേരത്തെ തന്നെ മറികടന്ന നോർവീജിയൻ താരം പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന നേട്ടത്തിലേക്കാണ് കുതിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ എർലിങ് ഹാലാൻഡ് ഒരുപാട് കാലം തുടരാൻ സാധ്യതയില്ലെന്നാണ് താരത്തിന്റെ ഏജന്റായ റാഫേല പിമെന്റ വെളിപ്പെടുത്തുന്നത്. താരത്തിന്റെ അടുത്ത ലക്‌ഷ്യം റയൽ മാഡ്രിഡ് ആയിരിക്കുമെന്നും മിനോ റിയോള മരിച്ചതിനു ശേഷം ഹാലാൻഡിന്റെ ഏജന്റായി പ്രവർത്തിക്കുന്ന പിമെന്റ പറഞ്ഞു.
“പ്രീമിയർ ലീഗുണ്ട്, ഒരു വശത്ത് റയൽ മാഡ്രിഡും. കളിക്കാരുടെ ഡ്രീംലാൻഡായി മാറുന്ന ഇടമാണ് റയൽ മാഡ്രിഡ്, മാഡ്രിഡ് അവരുടെ മാന്ത്രികത തുടർന്ന് കൊണ്ടേയിരിക്കുന്നു. ലീഗിൽ മത്സരം കുറവാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ അവരെന്നും മേധാവിത്വം പുലർത്തുന്നു.” കഴിഞ്ഞ ദിവസം എഫ്റ്റി ഫുട്ബോൾ സമ്മിറ്റിൽ സംസാരിക്കവെ അഭിഭാഷക കൂടിയായ പിമെന്റ പറഞ്ഞു.
"There is the Premier League, and there is Real Madrid. Real Madrid has something of its own that makes it the Dreamland for the players."
— Football España (@footballespana_) March 2, 2023
Erling Haaland's agent has appeared to talk up a move for the #MCFC striker to Real Madrid. pic.twitter.com/vbtJDGvFWM
താരങ്ങളുടെ ഭാവിയെക്കുറിച്ച് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് തങ്ങൾ മുന്നോട്ടു പോകുന്നതെന്നും അവർ പറഞ്ഞു. ഒരു താരത്തിന്റെ പ്രായം കണക്കാക്കാതെ തന്നെ അവരുടെ ഭാവിയുടെ പദ്ധതികൾ തയ്യാറാക്കുമെന്നും ഒരുവിധം എല്ലാ താരങ്ങളും പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് താൽപര്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.