തിരിച്ചുവരവിന് ഊർജ്ജം പകർന്ന് റൊണാൾഡോ, ഇഞ്ചുറി ടൈമിൽ മൂന്നു ഗോൾ നേടി അൽ നസ്‌റിന്റെ വിജയം

സൗദി പ്രൊ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നും അൽ നസ്ർ അതിഗംഭീരമായി തിരിച്ചു വരുന്നതാണ് കണ്ടത്. സൗദി ലീഗിൽ അവസാനസ്ഥാനക്കാരായ അൽ ബാറ്റിനെതിരെയാണ് അൽ നസ്‌റിന്റെ അത്ഭുതകരമായ തിരിച്ചുവരവ് കണ്ടത്. മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിലും ഒരു ഗോളിന് പിന്നിലായിരുന്ന അൽ നസ്ർ ഇഞ്ചുറി ടൈമിൽ മൂന്നു ഗോളുകളാണ് നേടിയത്.

സൗദി പ്രൊ ലീഗിൽ ഇതുവരെ ഒരൊറ്റ മത്സരം മാത്രം വിജയിച്ച് അവസാന സ്ഥാനത്തു നിൽക്കുന്ന ടീമായ അൽ ബാറ്റിൻ റൊണാൾഡോ അടക്കമുള്ള താരങ്ങളെ ഞെട്ടിച്ച് പതിനേഴാം മിനുട്ടിൽ ലീഡ് സ്വന്തമാക്കി. തിരിച്ചുവരാൻ അൽ നസ്ർ നടത്തിയ ശ്രമങ്ങളെ ശക്തമായി അവർ പ്രതിരോധിച്ചു നിൽക്കുകയും ചെയ്‌തെങ്കിലും ഇഞ്ചുറി ടൈം മത്സരത്തിന്റെ ഗതി മാറ്റി.

തൊണ്ണൂറാം മിനുട്ട് വരെയും മുന്നിട്ടു നിന്ന അൽ ബാറ്റിൻ മത്സരം സ്വന്തമാക്കുമെന്നാണ് ഏവരും കരുതിയതെങ്കിലും ഇഞ്ചുറി ടൈമായി ലഭിച്ച പന്ത്രണ്ടു മിനുട്ട് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. ഇഞ്ചുറി ടൈമിൽ അബ്‌ദുൾറഹ്‌മാൻ ഖരീബ്‌, മൊഹമ്മദ് അൽ ഫാറ്റിൽ, മൊഹമ്മദ് മാറാൻ എന്നിവരാണ് അൽ നസ്‌റിനായി ഗോൾ നേടി വിജയം നൽകിയത്.

അതേസമയം മത്സരം അവസാനിച്ചത് ചെറിയൊരു സംഘർഷത്തിലാണ്. പന്ത്രണ്ടു മിനുട്ട് എക്‌സ്ട്രാ ടൈം നൽകിയ റഫറിയുടെ തീരുമാനത്തെ അൽ ബാറ്റിൻ താരങ്ങൾ തോൽവി വഴങ്ങിയതോടെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ മത്സരഫലത്തിൽ മാറ്റം വരുത്താൻ അതിനൊന്നും കഴിയില്ലെന്നതിനാൽ തന്നെ റൊണാൾഡോയുടെ ടീമിനെ അട്ടിമറിക്കാനുള്ള അവസരം അവർക്ക് നഷ്‌ടമായി.

മത്സരത്തിൽ വിജയം നേടിയതോടെ അൽ ഇത്തിഹാദിനെ മറികടന്ന് അൽ നസ്ർ സൗദി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നെങ്കിൽ ലീഗിൽ അൽ നസ്ർ രണ്ടാം സ്ഥാനത്തേക്ക് പോകുമായിരുന്നു. എന്തായാലും റൊണാൾഡോയുടെ സാന്നിധ്യമാണ് ടീമിന്റെ തിരിച്ചുവരവിന് ഊർജ്ജം നൽകിയതെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

1/5 - (1 vote)