ഇവാനും ബ്ലാസ്റ്റേഴ്സിനും കിരീടം നേടിയെത്തുന്ന ടീമിന് ലഭിക്കുന്നത് പോലുള്ള ആവേശ സ്വീകരണം കൊടുത്ത് ആരാധകർ

ഐഎസ്എല്ലിലെ നാടകീയ പുറത്താകലിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷമാണ് കേരള നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.കൊച്ചിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മത്സരം പാതിവഴിയില്‍ നിർത്തി പോയതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമി കാണാതെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായത്.

താരങ്ങളോട് കളി നിർത്താന്‍ ആവശ്യപ്പെട്ട ഇവാന്‍റെ തീരുമാനം ഉചിതമായെന്ന് വാദിച്ച് ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു. മോശം റഫറിയിങ് ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ പല തവണ നേരിട്ട് ബാധിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ട് തന്നെ പരിശീലകന്റെ ഇന്നലത്തെ തീരുമാനത്തെ ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എയർപോർട്ടിന് പുറത്തേക്കിറങ്ങിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെ ഷാൾ അണിയിച്ചാണ് ആരാധകർ വരവേറ്റത്. ഒപ്പം പൂച്ചെണ്ടും നൽകുകയുണ്ടായി‌. കിരീടം നേടിയെത്തുന്ന ടീമിന് ലഭിക്കുന്നത് പോലുള്ള ആവേശ സ്വീകരണമായിരുന്നു ഇവാന് ലഭിച്ചത്‌.

വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച ഇവാൻ, ആരാധകർക്ക് ഒത്തിരി നന്ദിയെന്നും മറ്റ് കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കുകയായിരുന്നു.’കപ്പ് നേടുന്നതിനേക്കാള്‍ വലിയ അഭിമാനമാണ് കാലങ്ങളായി തുടർന്ന് വന്ന നെറികേടിനെതിരെ അന്തസ്സോടെ പ്രതികരിച്ചുള്ള മടക്കം. മലയാളികളുടെ അഭിമാനമായ പടനായകനേയും പോരാളികളെയും സ്വീകരിക്കാന്‍ നിങ്ങളും അണിനിരക്കുക ” എന്ന സന്ദേശത്തോടെയാണ് മഞ്ഞപട ബ്ലാസ്‌റ്റേഴ്‌സിനെ സ്വീകരിക്കാൻ എയർ പോർട്ടിലെത്തിയത്.

ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയുള്ള തർക്കത്തില്‍ ബ്ലാസ്റ്റേഴ്സ് പാതിവഴിയില്‍ കളി ബഹിഷ്കരിച്ച മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്‍റെ ജയം. 95-ാം മിനിറ്റിൽ വിബിൻ മോഹനൻ പെനാൽറ്റി ബോക്‌സിന് മുന്നിൽ സുനിൽ ഛേത്രിയെ ഫൗൾ ചെയ്തപ്പോഴാണ് റഫറി ബിഎഫ്‌സിക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് സുനിൽ ഛേത്രി ബെംഗളൂരുവിനായി ഗോൾ അടിച്ചത് ആണ് വിവാദമായത്.

വിവാദ ഗോളിനെ തുടർന്ന് താരങ്ങളോട് മത്സരം നിർത്താനാവശ്യപ്പെട്ട് ഗ്രൗണ്ടിലിറങ്ങിയ കോച്ച് ഇവാൻ വുകോമനോവിച്ചും സംഘവും മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടു. അധിക സമയം തീരുംവരെ കാത്തിരുന്ന റഫറി 120 മിനുറ്റ് പൂർത്തിയായതോടെ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു.