മെസിക്ക് ചുറ്റും അർജന്റീന ടീം കളിച്ചതു പോലെ ബ്രസീൽ ചെയ്താൽ ലോകകപ്പ് നേടാനാകുമെന്ന് ലൂയിസ് സുവാരസ്
അത്ര പ്രബലമായ ടീമല്ലാത്തതിനാൽ കൂടിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം കൂടുതൽ ആവേശം നൽകിയത്. ലയണൽ സ്കലോണി 2018 മുതൽ പരിശ്രമിച്ച് മെസിക്ക് ചുറ്റും ഒരു ടീമിനെ പടുത്തുയർത്തിയപ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അവർ മൂന്നു കിരീടങ്ങൾ സ്വന്തമാക്കി. ഒറ്റക്കെട്ടായി പൊരുതുന്ന താരങ്ങളാണ് അർജന്റീനയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.
അർജന്റീനയുടെ ചിരവൈരികളായ ബ്രസീലിനു 2002 മുതൽ ഒരു ലോകകപ്പ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അടുത്ത എഡിഷനിൽ അവർ അർജന്റീന മെസിയെ കേന്ദ്രീകരിച്ച് കളിച്ചതു മാതൃകയാക്കി നെയ്മറെ പ്രധാനിയാക്കി കളിച്ചാൽ കിരീടം നേടാൻ കഴിയുമെന്നാണ് മെസിക്കും നെയ്മർക്കുമൊപ്പം കളിച്ചിട്ടുള്ള ലൂയിസ് സുവാരസ് പറയുന്നത്.
“മുപ്പത്തിയഞ്ചാം വയസ്സിലെ മെസി തനിക്കു വേണ്ടത് നേടിയെടുത്തു. ബ്രസീലിനു അടുത്ത ലോകകപ്പ് എഡിഷനിൽ കിരീടം നേടണമെങ്കിൽ അവർ അർജന്റീന മെസിയെ കേന്ദ്രീകരിച്ചു കളിച്ചതു പോലെ തന്നെ ചെയ്യുകയാണ് വേണ്ടത്. നെയ്മർക്ക് ചുറ്റും കളിക്കാൻ കഴിയുന്ന പത്ത് താരങ്ങളെ ഉണ്ടാക്കി ടീമിനെ ഒരുക്കുക.”
“നെയ്മർക്ക് ചുറ്റും ഓടാനും അധ്വാനിക്കാനും കഴിയുന്ന പത്ത് താരങ്ങളെ ഒരുക്കാൻ കഴിഞ്ഞാൽ ബ്രസീൽ വിജയിക്കും. കാരണം ആ സമയത്ത് മുപ്പത്തിനാല് വയസ്സുള്ള നെയ്മർക്കത് നല്ല രീതിയിൽ ചെയ്യാനും കഴിയും. ഇത് ബ്രസീലിനു ചെയ്യാൻ കഴിയുന്ന കാര്യമാണ്. ബ്രസീലിനു വിജയം നേടണമെങ്കിൽ എല്ലാ താരങ്ങളും ഒരുമിച്ച് നിന്ന് നെയ്മർക്ക് ചുറ്റും പ്രവർത്തിക്കണം.” സുവാരസ് പറഞ്ഞു.
🇺🇾 Luis Suarez 🗣 "If Brazil surrounds Neymar with ten players who run and work they will succeed, because Neymar will be 34 years old, he can do it perfectly, this is something Brazil can do, they can make all the players work for Neymar if they want for Brazil." pic.twitter.com/MJladhHQlB
— Kushagra 1970 (@KushagraPSG) March 4, 2023
2018 ലോകകപ്പിൽ പുറത്തായതിന് ശേഷം അർജന്റീന ടീം ചെയ്തത് പോലെ തന്നെ ആദ്യത്തെ മത്സരങ്ങളിൽ താൽക്കാലിക പരിശീലകനാണ് ബ്രസീൽ ചുമതല നൽകിയിരിക്കുന്നത്. എന്നാൽ സ്കലോണിയെപ്പോലെ അദ്ദേഹം തുടരാനുള്ള സാധ്യത കുറവാണ്. ഈ സീസണ് ശേഷം കാർലോ ആൻസലോട്ടി ബ്രസീൽ ടീമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.