നാന്റസിനെതിരായ ഗോൾ, വമ്പൻ നേട്ടങ്ങളുമായി ലയണൽ മെസി |Lionel Messi

പിഎസ്‌ജി ജേഴ്‌സിയിലും തന്റെ ഫോം തിരിച്ചു പിടിച്ച ലയണൽ മെസി കഴിഞ്ഞ ദിവസം നാന്റസിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ഗോൾ നേടിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോളാണ് മെസി നേടിയത്. മെസിക്ക് പുറമെ ഡാനിലോ പെരേര, എംബാപ്പെ തുടങ്ങിയ താരങ്ങളും ഗോൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു.

മത്സരത്തിലെ ഗോളോടെ നിരവധി നേട്ടങ്ങളും മെസിയെത്തേടി എത്തിയിട്ടുണ്ട്. ക്ലബ് കരിയറിൽ ആയിരം ഗോളുകളിൽ പങ്കാളിയാകാൻ ഇന്നലത്തെ മത്സരത്തിലെ ഗോളോടെ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. ബാഴ്‌സലോണക്കും പിഎസ്‌ജിക്കുമായി 841 മത്സരങ്ങൾ കളിച്ച താരം 701 ഗോളുകളും 299 അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ ഈ സീസണിൽ ക്ലബിനും രാജ്യത്തിനുമായി അമ്പതു ഗോളുകളിൽ പങ്കാളിയാകാനും മെസിക്ക് കഴിഞ്ഞു. മുപ്പത്തൊമ്പത് മത്സരങ്ങളിൽ നിന്നും മുപ്പതു ഗോളുകളും ഇരുപത് അസിസ്റ്റുകളുമാണ് ലയണൽ മെസി നേടിയിട്ടുള്ളത്. ഇതിൽ പതിനെട്ട് ഗോളുകളും പതിനാറ് അസിസ്റ്റുകളും പിഎസ്‌ജിക്ക് വേണ്ടിയാണ്. അർജന്റീന ടീമിനായി പന്ത്രണ്ട് ഗോളുകളും നാല് അസിസ്റ്റും മെസി സ്വന്തമാക്കി.

ഇന്നലത്തെ മത്സരത്തിലും ഗോൾ നേടിയതോടെ പിഎസ്‌ജിക്കായി കളിച്ച കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിലും മെസി ഗോൾ നേടിയിട്ടുണ്ട്. അഞ്ചു ഗോളുകൾക്ക് പുറമെ രണ്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. അതിനിടയിൽ ഫ്രഞ്ച് കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ മത്സരങ്ങളിലാണ് മെസിക്ക് ഗോൾ നേടാൻ കഴിയാതിരുന്നത്.

കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് പുരസ്‌കാരം ലയണൽ മെസി നേടിയിരുന്നു. ലോകകപ്പിന് ശേഷം ക്ലബ് തലത്തിലും താരം ഫോം വീണ്ടെടുത്തത് ആരാധകർക്ക് ആശ്വാസമാണ്. അടുത്ത മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നേരിടാനിരിക്കുമ്പോൾ പിഎസ്‌ജിക്ക് വിജയം നേടിക്കൊടുക്കാൻ താരത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

3.5/5 - (2 votes)