ഗോൾഡൻ ബൂട്ട് നേടിയതിൽ മെസിയോടും നെയ്‌മറോടും കടപ്പാടുണ്ടെന്ന് ലൂയിസ് സുവാരസ്

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ത്രയങ്ങളിൽ ഒന്നായിരുന്നു മെസിയും നെയ്‌മറും സുവാരസും ഒരുമിച്ച് കളിച്ച എംഎസ്എൻ കൂട്ടുകെട്ട്. കളിക്കളത്തിലും പുറത്തും ഈ മൂന്നു താരങ്ങൾ തമ്മിൽ വലിയ കെട്ടുറപ്പാണ് ഉണ്ടായിരുന്നത്. സ്വാർത്ഥത ലവലേശം പോലുമില്ലാതെ കളിച്ച ഈ താരങ്ങൾ നിരവധി നേട്ടങ്ങളും ബാഴ്‌സലോണക്ക് സ്വന്തമാക്കി നൽകി.

നെയ്‌മർ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. എങ്കിലും മെസിയും സുവാരസും വീണ്ടും കുറച്ചു കാലം കൂടി ബാഴ്‌സലോണയിൽ തുടർന്നു കളിച്ചു. അതിനു ശേഷം ആദ്യം സുവാരസ് ബാഴ്‌സ വിട്ടു. പിന്നീട് മെസി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ നെയ്‌മറുമായി വീണ്ടുമൊരുമിച്ചു.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ എംഎസ്എൻ കൂട്ടുകെട്ടിനെക്കുറിച്ച് ലൂയിസ് സുവാരസ് സംസാരിച്ചിരുന്നു. 2015-16 വർഷത്തിൽ താൻ നേടിയ യൂറോപ്യൻ ഗോൾഡൻ ബൂട്ടിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് താരം ഇവരെക്കുറിച്ച് പറഞ്ഞത്. റൊണാൾഡോയുമായുള്ള ഗോൾഡൻ ബൂട്ട് മത്സരത്തിൽ വിജയിക്കാൻ തന്നെ സഹായിച്ചത് ഈ താരങ്ങളാണെന്നാണ് സുവാരസ് പറയുന്നത്.

“ഗോൾഡൻ ബൂട്ടിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഞാൻ മത്സരിക്കുമ്പോൾ അതിൽ വിജയിക്കാൻ മെസിയും നെയ്‌മറുമാണ് എന്നെ സഹായിച്ചത്. അവർ പെനാൽറ്റി കിക്കുകൾ എനിക്ക് നൽകി, ഗോളടിക്കാനുള്ള പാസുകൾ നൽകി. അതിലെനിക്ക് എല്ലായിപ്പോഴും അവരോട് കടപ്പാടുണ്ട്.” സുവാരസ് പറഞ്ഞു.

2009 മുതൽ 2019 വരെയുള്ള കാലയളവിൽ മെസിക്കും റൊണാൾഡോക്കും പുറമെ ഗോൾഡൻ ബൂട്ട് നേടിയ ഒരേയൊരു താരമാണ് ലൂയിസ് സുവാരസ്. ഒരിക്കൽ ലിവർപൂളിൽ കളിക്കുമ്പോൾ റൊണാൾഡോക്കൊപ്പം പുരസ്‌കാരം പങ്കുവെച്ച താരം പിന്നീട് ബാഴ്‌സലോണയിൽ കളിക്കുമ്പോൾ 2015-16 സീസണിൽ ഒറ്റക്ക് പുരസ്‌കാരം നേടി.

Rate this post