മെസിയുടെ ശകാരവാക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരത്തിനു വിളിപ്പേരായി നൽകിയെന്ന് ലിസാൻഡ്രോ മാർട്ടിനസ്

ഖത്തർ ലോകകപ്പിലെ തന്നെ ഏറ്റവും ചൂട് പിടിച്ച മത്സരമായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ. രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയ മത്സരത്തിൽ പിന്നീട് ഹോളണ്ട് രണ്ടു ഗോളുകൾ തിരിച്ചടിച്ച് സമനില നേടി. പിന്നീട് എക്‌സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തിൽ എമിലിയാനോ മാർട്ടിനസിന്റെ മികവിൽ അർജന്റീന വിജയം നേടിയെടുത്തു.

മത്സരത്തിന് ശേഷം മെസി ഹോളണ്ട് പരിശീലകനോടും താരങ്ങളോടും കയർത്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. മത്സരത്തിന് മുൻപേ ലൂയിസ് വാൻ ഗാൽ അർജന്റീനയെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് മെസിയെ ചൊടിപ്പിച്ചത്. അതിനു പുറമെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തന്നെ തുറിച്ചു നോക്കിയതിനു ഹോളണ്ടിന്റെ ഗോൾ നേടിയ വേഗോസ്റ്റിനോടും മെസി കയർത്തു.

വിഡ്ഢി എന്നർത്ഥം വരുന്ന ‘ബോബോ’ എന്ന വാക്കാണ് വേഗസ്റ്റിനോട് മെസി ദേഷ്യപ്പെടാൻ ഉപയോഗിച്ചത്. ഈ വാക്ക് പിന്നീട് വളരെയധികം വൈറലായി. പൊതുവെ സൗമ്യനായി അറിയപ്പെടുന്ന മെസി രോഷം കാണിക്കുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമായതിനാൽ കൂടിയാണ് മെസിയുടെ ശകാരം വൈറാലായി മാറിയത്.

ഇപ്പോൾ ആ വാക്കുമായി ബന്ധപ്പെട്ട് രസകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസ്. അന്ന് മെസിയുടെ ചീത്ത കേട്ട വേഗോസ്റ്റ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനാണ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലോണിൽ ടീമിലെത്തിയ ഡച്ച് താരത്തിന് ‘ബോബോ’ എന്ന ഇരട്ടപ്പേരാണ് നൽകിയിരിക്കുന്നതെന്നാണ് ലിസാൻഡ്രോ പറഞ്ഞത്.

തമാശരൂപത്തിലാണ് ലിസാൻഡ്രോ മാർട്ടിനസ് ഡച്ച് താരത്തിന് മെസി വിളിച്ച ശകാരവാക്ക് ഇരട്ടപ്പേരായി നൽകിയിരിക്കുന്നത്. അത് വിളിക്കുന്നതിൽ വേഗോസ്റ്റിനു കുഴപ്പമൊന്നുമില്ലെന്നും പലപ്പോഴും താരം അത് കേട്ടു പൊട്ടിച്ചിരിക്കാറുണ്ടെന്നും ലിസാൻഡ്രോ പറയുന്നു.