മത്സരം വീണ്ടും നടത്തണം, റഫറിയെ പുറത്താക്കണം; ബ്ലാസ്റ്റേഴ്സിന്റെ പരാതിയിൽ നടപടിയെടുക്കാൻ എഐഎഫ്എഫ്
ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കളിക്കളത്തിൽ നിന്നും പരിശീലകൻ പിൻവലിച്ചതാണ് ഇന്ത്യൻ ഫുട്ബോളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അതിന്റെ അലയൊലികൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.
സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫ്രീ കിക്ക് ലൈൻ വരക്കുകയും ലൂണയെ മാറ്റി നിർത്തുകയും ചെയ്തതിന് ശേഷം ഛേത്രിയെ ക്വിക്ക് ഫ്രീ കിക്ക് എടുക്കാൻ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റാണെന്ന് പരാതിയിൽ അവർ വ്യക്തമാക്കുന്നു.
ഇതിനു പുറമെ തങ്ങളുടെ ആവശ്യങ്ങളും അവർ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സെമി ഫൈനലിനായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നും മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെടുന്നു. സെമി ഫൈനൽ അടുത്ത ദിവസം നടക്കാനിരിക്കെ എഐഎഫ്എഫ് ഉടനെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം മത്സരത്തിൽ നിന്നും ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതികരിക്കാൻ ഐഎസ്എൽ അധികൃതർ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടി ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെയാണ് അതിനു കാരണം.
Kerala Blasters have sought a replay with Bengaluru and also a ban on the referee. With the first leg semifinal between Mumbai City and BFC scheduled for Tuesday, AIFF will decide on the protest within the next 24 hours.#IndianFootball #ISL #KBFC https://t.co/9S4nVyumdr
— Marcus Mergulhao (@MarcusMergulhao) March 5, 2023
അതേസമയം ഈ വിവാദം ഐഎസ്എല്ലിനെ മെച്ചപ്പെടുത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. റഫറിമാർക്കെതിരായ പരാതികൾ മുൻപും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ വീഡിയോ റഫറിങ് അടക്കമുള്ള സംവിധാനങ്ങൾ അടുത്ത സീസൺ മുതൽ ഏർപ്പാടാക്കാൻ ഈ വിവാദങ്ങൾ സഹായിക്കുമെന്ന് ആരാധകർ കരുതുന്നു.