ബെയ്‌ലിന്റെ പാതയിലേക്ക് ഹസാർഡും, റയൽ മാഡ്രിഡിന് വേണ്ടെങ്കിലും ക്ലബ് വിടാനുദ്ദേശമില്ല
കഴിഞ്ഞ സമ്മറിൽ കരാർ അവസാനിച്ചതോടെയാണ് വെയിൽസ് താരം ബേൽ റയൽ മാഡ്രിഡ് വിട്ടത്. അതിനു മുൻപേ തന്നെ റയൽ താരത്തെ ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും ക്ലബ് വിടാൻ ബേൽ തയ്യാറായില്ല. റയൽ മാഡ്രിഡിനായി ഒരുപാട് നേട്ടങ്ങളിൽ പങ്കാളിയായ താരാമാണെങ്കിലും ക്ലബിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കാനുള്ള വെയിൽസ് താരത്തിന്റെ തീരുമാനം ആരാധകരിൽ വലിയ അസംതൃപ്‌തി ഉണ്ടാക്കിയിരുന്നു.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബേലിന്റെ പാത പിന്തുടരാൻ റയൽ മാഡ്രിഡിലെ മറ്റൊരു താരമായ ഈഡൻ ഹസാർഡും ഒരുങ്ങുകയാണ്. ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം ഇതുവരെയും തിളങ്ങാൻ കഴിയാത്ത താരത്തെ ഒഴിവാക്കാൻ റയൽ മാഡ്രിഡിന് താൽപര്യമുണ്ടെങ്കിലും ക്ലബ് വിടാൻ ഹസാർഡിനു യാതൊരു താൽപര്യവുമില്ല.
150 മില്യൺ യൂറോയോളം മുടക്കിയാണ് ചെൽസിയിൽ നിന്നും റയൽ മാഡ്രിഡ് ഹസാർഡിനെ സ്വന്തമാക്കിയത്. എന്നാൽ അമിതവണ്ണവുമായി ക്ളബിലെത്തിയ താരത്തിന് പിന്നീട് നിരന്തരം പരിക്കേറ്റത് തിരിച്ചടിയായി. അതിനു പിന്നാലെ ഫോമും നഷ്‌ടമായ താരത്തിന് ഇതുവരെയും റയൽ ജേഴ്‌സിയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല, ഇപ്പോൾ അവസരങ്ങളും തീരെയില്ല.
ഏഴു വർഷത്തോളം ചെൽസിയിൽ തിളങ്ങി ലോകത്തിലെ ഏറ്റവും മികച്ച താരമായി പേരെടുത്ത ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് 2019ൽ എത്തിയതിനു ശേഷം നേടിയത് വെറും ഏഴു ഗോളുകളാണ്. 2024 വരെയാണ് റയൽ മാഡ്രിഡിന് താരവുമായി കരാറുള്ളത്. കനത്ത പ്രതിഫലം ലഭിക്കുമെന്നതിനാൽ അതുവരെ ക്ലബിനൊപ്പം തുടരാൻ തന്നെയാണ് ഹസാർഡിന്റെ തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲: Eden Hazard intends to stay at Real Madrid until the end of his contract, which expires in the summer of 2024.
— The Athletic | Football (@TheAthleticFC) March 8, 2023
The Belgian has not played for #RMCF since January but wants to continue at the Santiago Bernabeu — @MarioCortegana explains why.
ഈ സീസണിൽ ആകെ 296 മിനുട്ടുകൾ മാത്രമാണ് ഹസാർഡ് റയൽ മാഡ്രിഡിനായി കളിച്ചിട്ടുള്ളത്. ക്ലബിൽ ഇനി തനിക്ക് ഭാവിയില്ലെന്ന് താരത്തിന് തന്നെ അറിയുന്ന കാര്യമാണ്. എന്നിട്ടും ക്ലബ് വിടാൻ തയ്യാറായില്ലെങ്കിൽ റയൽ മാഡ്രിഡ് ആരാധകരുടെ രോഷം താരത്തിന് നേരെ തിരിയാൻ സാധ്യതയുണ്ട്. പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ഇത്രയും പ്രതിഫലം വാങ്ങുന്ന ഹസാർഡിനെ റയൽ മാഡ്രിഡിന് ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.