കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് എഐഎഫ്എഫിനോട് ലീഗ് സംഘാടകർ |Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് സംഘടകരായ FSDL അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തുന്നത് ലീഗിനെ ബാധിക്കും എന്ന നിരീക്ഷണമാണ് ലീഗ് സംഘാടകരുടെ ഈ നീക്കത്തിന് പിന്നിലുള്ളത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് എന്ത് ശിക്ഷ നൽകണം എന്നുള്ള കാര്യത്തിൽ ഇതുവരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ശിക്ഷ എന്താണ് എന്നുള്ളത് പിന്നീട് അറിയിക്കുമെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം. കളിക്കളം വിട്ടുപോയതിനാൽ പരിശീലകനെ ബാൻ ചെയ്യുക, കേരള ബ്ലാസ്റ്റേഴ്സിനെ ബാൻ ചെയ്യുക തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള വകുപ്പുകൾ ഉണ്ട്.പക്ഷേ അതിലേക്ക് നീങ്ങില്ല എന്ന് തന്നെയാണ് തുടക്കം മുതലേയുള്ള സൂചനകൾ.
മുൻപ് മത്സരം ബഹിഷ്കരിച്ചതിന് മോഹൻ ബഗാൻ, ഫ്രാൻസാ ഗോവ ടീമുകളെ എഐഎഫ്എഫ് വിലക്കിയിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ ബ്ലാസ്റ്റേഴ്സിനെ വിലക്കുന്നത് ഈ സംവിധാനത്തിന് തന്നെ തിരിച്ചടിയാവും. അതായത് ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടക സമിതിയായ FSDL അഥവാ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂല്യം നല്ല രീതിയിൽ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് വിലക്ക് വന്നു കഴിഞ്ഞാൽ അത് ISLന് തിരിച്ചടിയാകുമെന്ന് ഇവർക്ക് അറിയാം. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടികളിലേക്ക് പോകരുത് എന്നുള്ള ഒരു അഭ്യർത്ഥന FSDL, AIFFനോട് നടത്തിയിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി നേരത്തെ അറിയിച്ചിരുന്നു. റഫറി സ്വീകരിച്ച നടപടി നിയമവിധേയം ആണെന്നും കമ്മിറ്റി വ്യക്തമാക്കി. വിലക്ക് നേരിടേണ്ടി വരില്ല എന്ന റിപോർട്ടുകൾ രംഗത്ത് വന്നതോടെ അച്ചടക്ക സമിതിയുടെ തീരുമാനത്തിൽ അപ്പീൽ കമ്മിറ്റിക്ക് അപ്പീൽ നൽകേണ്ടതില്ല എന്ന തീരുമാനവും കേരള ബ്ലാസ്റ്റേഴ്‌സ് എടുത്തിട്ടുണ്ട്.