മെസി ഞങ്ങൾക്കൊരു പ്രശ്‌നമായിട്ടില്ല, റൊണാൾഡോ എന്നും ബയേണിന് തലവേദനയെന്ന് തോമസ് മുള്ളർ

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പിഎസ്‌ജിയെ കീഴടക്കി ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിരുന്നു. ആദ്യപാദത്തിൽ ഒരു ഗോളിന് വിജയം നേടിയ ബയേൺ മ്യൂണിക്ക് രണ്ടാം പാദത്തിൽ രണ്ടു ഗോളുകൾ കൂടി നേടിയാണ് പിഎസ്‌ജിയെ മറികടന്നത്. പ്രധാന താരങ്ങൾക്കേറ്റ പരിക്കാണ് മത്സരത്തിൽ പിഎസ്‌ജിക്ക് കൂടുതൽ തിരിച്ചടി നൽകിയത്.

ലയണൽ മെസിയെ സംബന്ധിച്ച് പിഎസ്‌ജിയിൽ എത്തിയതിനു ശേഷമുള്ള ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകൾ നിരാശപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ സീസണിലും ഈ സീസണിലും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തന്നെ മെസിക്ക് പുറത്തു പോകേണ്ടി വന്നു. ബാഴ്‌സലോണയിൽ ഒരിക്കൽപ്പോലും തുടർച്ചയായ രണ്ടു സീസണുകളിൽ മെസി പ്രീ ക്വാർട്ടറിൽ പുറത്തായിട്ടില്ല.

അതിനിടയിൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ചാമ്പ്യൻസ് ലീഗിൽ നേരിടുന്നതിലുള്ള വ്യത്യാസം ബയേൺ മ്യൂണിക്ക് താരമായ തോമസ് മുള്ളർ വെളിപ്പെടുത്തുകയുണ്ടായി. ബയേൺ മ്യൂണിക്കിനെ സംബന്ധിച്ച് മെസിയൊരു ഭീഷണിയായി മാറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും അതേസമയം റൊണാൾഡോ എന്നും ടീമിന് പ്രശ്‌നമായിരുന്നെന്നും താരം പറഞ്ഞു.

“മെസിക്കെതിരെ ഇറങ്ങുമ്പോൾ മത്സരം ഞങ്ങൾക്ക് അനുകൂലമായാണ് എപ്പോഴും വരാറുള്ളത്. ക്ലബ് തലത്തിൽ നോക്കുമ്പോൾ റയൽ മാഡ്രിഡിലെ റൊണാൾഡോയാണ് ഞങ്ങൾക്ക് കൂടുതൽ കുഴപ്പമുണ്ടാക്കിയിട്ടുള്ളത്. എന്നാൽ ലോകകപ്പിൽ മെസി നടത്തിയ പ്രകടനത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.” കിക്കർ ജേർണലിസ്റ്റിനോട് മുള്ളർ പറഞ്ഞു.

ലോകകപ്പിലെ മെസിയുടെ പ്രകടനത്തെ മുള്ളർ വളരെയധികം മാനിക്കുന്നുണ്ടെന്ന് താരം പിന്നീടു പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാണ്. ലോകകപ്പിൽ മെസി ഒറ്റക്കാണ് അർജന്റീനയെ നയിച്ചതെന്നു പറഞ്ഞ മുള്ളർ പക്ഷെ പിഎസ്‌ജിയിൽ മെസിക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നും ടീമിന് ഫ്രഞ്ച് ക്ലബ് സന്തുലിതാവസ്ഥയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും വ്യക്തമാക്കി.