ലയണൽ മെസി സൗദിയിലേക്കെത്തുന്നു, പ്രഖ്യാപനവുമായി സൗദി മിനിസ്റ്റർ |Lionel Messi
ഫുട്ബോൾ ലോകത്തെ സൂപ്പർതാരമായ ലയണൽ മെസി ഈ മാസം സൗദി അറേബ്യ സന്ദർശിക്കും. സൗദി അറേബ്യ ടൂറിസം മിനിസ്റ്ററായ അഹ്മദ് അൽ ഖതീബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് ലയണൽ മെസി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് മെസി സൗദി അറേബ്യ സന്ദർശിക്കുന്നത്.
“രാജ്യത്തിന്റെ ടൂറിസം അംബാസിഡറും ഫുട്ബോൾ താരവുമായ ലയണൽ മെസി രണ്ടാം തവണയും രാജ്യത്തേക്ക് വരുന്നത് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും തങ്ങളുടെ ജനങ്ങളുമായി കൂടിച്ചേരാനും അനുഭവങ്ങൾ പങ്കുവെക്കാനുമാണ് മെസി എത്തുന്നത്.” അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.
ഇതിനു മുൻപ് കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലയണൽ മെസി സൗദി സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ ടൂറിസം അംബാസിഡർ എന്ന നിലയിൽ ആദ്യമായി സൗദിയിലെത്തിയ മെസി ജിദ്ദാ സീസൺ ഫെസ്റ്റിവൽ ആസ്വദിക്കുകയുണ്ടായി. ആഗോള തലത്തിൽ രാജ്യത്തിന്റെ ടൂറിസം മേഖല ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടിയാണ് മെസിയെ അംബാസിഡറായി നിയമിച്ചിരിക്കുന്നത്.
I am happy to welcome our Tourism Ambassador and star Lionel Messi and his family and friends this month on his second visit to Saudi to enjoy our most beautiful tourism destinations, connect with our people and enjoy unique experiences! @VisitSaudi pic.twitter.com/GCpX6JLAVu
— Ahmed Al Khateeb أحمد الخطيب (@AhmedAlKhateeb) March 8, 2023
അതേസമയം മെസി സൗദി സന്ദർശിക്കുന്നത് താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ വർധിക്കാൻ കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല. റൊണാൾഡോ അൽ നാസ്സറിൽ എത്തിയതോടെ മെസിയും സൗദിയിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. താരം പിഎസ്ജി കരാർ പുതുക്കാതെ സാഹചര്യത്തിൽ സൗദി സന്ദർശനം പുതിയ വാർത്തകൾക്ക് വഴി വെക്കുക തന്നെ ചെയ്യും.